ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് ഒരു ഉറപ്പും പ്രധാനമന്ത്രി നല്‍കിയില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി. പവാറിന്റെ നിലപാടിനോട് ഭംഗ്യന്തരേണ അനുഭാവം പ്രകടിപ്പിക്കുന്ന നിലപാടാണ് പ്രധാനമന്ത്രിയും കൈക്കൊണ്ടത്. കേരളം നല്‍കിയ നിവേദനവും റിപ്പോര്‍ട്ടും പഠിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ശ്രീമതി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച് സംസ്ഥാനം സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടും അനുബന്ധ രേഖകളും വിശദമായി പഠിച്ചശേഷം ഈ വിഷയത്തില്‍ നിലപാട് അറിയിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട സംഘത്തോട് ഈ വിഷയത്തില്‍ വിശദമായ പഠനം ആവശ്യമല്ലേ എന്ന എതിര്‍ ചോദ്യമാണ് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചത്.

ഏപ്രില്‍ 25ന് ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ തന്നെ നിരോധിക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കണമെന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ ബിനോയ് വിശ്വം, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, വി. സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ തലേക്കുന്നില്‍ ബഷീര്‍, സി.ടി. അഹമ്മദലി (മുസ് ലീം ലീഗ്), ജോയ് എബ്രഹാം (കേരള കോണ്‍. എം.), ഡോ. വര്‍ഗീസ് ജോര്‍ജ് (സോഷ്യലിസ്റ്റ് ജനത), കെ.ബി. ഗണേഷ്‌കുമാര്‍ (കേരള കോണ്‍. ബി), എ.എന്‍. രാജന്‍ബാബു (ജെ.എസ്.എസ്.) എന്നിവരും സംഘത്തിലുണ്ടായിരുന്നു.