Administrator
Administrator
സ്‌പെക്ട്രത്തെക്കുറിച്ച് അറിയില്ല, ക്രിക്കറ്റ് ഇഷ്ടമാണ്…
Administrator
Wednesday 16th February 2011 3:55pm

പൊളിറ്റിക്കല്‍ ഡസ്‌ക്‌

സര്‍ക്കാറിന്റെ പ്രതിച്ഛായ കളങ്കപ്പെടുമ്പോള്‍, മാധ്യമങ്ങള്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി മുഖം മിനുക്കുന്ന ഒരു ഏര്‍പ്പാണ്ടുണ്ട്. അത്തരത്തിലൊന്നാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനം. സ്‌പെക്ട്രം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലിലായ സാഹചര്യത്തിലാണ് മന്‍മോഹന്‍ ഇത്തരമൊരു വാര്‍ത്താ സമ്മേളനം വിളിച്ചത്. അതും എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പംഗവന്‍മാര്‍ക്കായി മാത്രം.

സ്‌പെക്ട്രം ഇടപാട് നടത്തുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസുമായി രാജ നടത്തിയ കത്തിടപാടുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യം. രാജയുടെ നടപടികളെ ആദ്യം എതിര്‍ത്ത പ്രധാനമന്ത്രി അവസാനമാവുമ്പോഴേക്കും രാജയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതായി കത്തിലൂടെ വ്യക്തമായിരുന്നു. ഡൂള്‍ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ഈ കത്ത് പുറത്ത് വന്നതുമാണ്.

എന്നാല്‍ സ്‌പെക്ട്രം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുത്തത് തന്റെ അറിവോടെയല്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ് പറഞ്ഞത്. കരാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ടെലികോം വകുപ്പ് സ്വതന്ത്രമായാണെന്നും അദ്ദേഹം പറയുന്നു.

ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമുയര്‍ന്നു. എന്നാല്‍ അതിന് എവിടെയും തൊടാതെയായിരുന്നു മറുപടി. രാജ്യത്തെ നിയമ-നീതിന്യായ സംവിധാനങ്ങള്‍ അഴിമതി വിമുക്തമാകുന്നതിനെക്കുറിച്ച് വാചാലമായ അദ്ദേഹം ബാലകൃഷ്ണനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.

സ്‌പെക്ട്രം അഴിമതി വിഷയത്തില്‍ ജെ.പി.സി അന്വേഷണം നടക്കാത്തത് തന്റെ എതിര്‍പ്പ് കൊണ്ടല്ലെന്ന് പറഞ്ഞ് ജാമ്യമെടുക്കാനും പ്രധാനമന്ത്രി തയ്യാറായി. പിന്നെ ആരുടെ എതിര്‍പ്പ്‌കൊണ്ടാണെന്ന് ആരും തിരിച്ച് ചോദിച്ചില്ലെന്ന് മാത്രം.

ഏറ്റവും ശ്രദ്ധേയമായത് മന്‍മോഹന്‍സിങ്ങിന്റെ കുംബസാരമായിരുന്നു. രാജ, കോമണ്‍വെല്‍ത്ത് അഴിമതികളെക്കുറിച്ച് ചോദിച്ചപ്പോള്‍. അത് കൂട്ടുകക്ഷി ഭരണത്തിന്റെ തലയിലിടാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. കൂട്ടുകക്ഷി ഭരണത്തില്‍ എല്ലാം ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതായത് കൂട്ടുകക്ഷിയാവുമ്പോള്‍ അഴിമതിയൊക്കെയുണ്ടാകും. അതൊക്കെ ജനം അങ്ങ് സഹിച്ചേക്കണമെന്ന്.

ഇന്ത്യ കളിജയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കളിക്കാരനോട് ഇഷ്ടമുണ്ട്. പക്ഷെ പേര് വെളിപ്പെടുത്തില്ല. ക്രിക്കറ്റ് ഇന്ത്യ ജയിക്കുന്നത് സര്‍ക്കാറിന് ഗുണമാണ്. രാജ്യത്തെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധമുഴുവന്‍ ഇനി ക്രിക്കറ്റിലായിരിക്കും. സ്‌പെക്ട്രം കുറച്ച് കാലത്തേക്കെങ്കിലും നിഷ്പ്രഭമാകും. ഒരു ജനതയുടെ വികാരങ്ങളെ വഴിതിരിച്ചുവിടാന്‍ ക്രിക്കറ്റിനെ ഉപയോഗിക്കാമെന്ന് അദ്ദേഹത്തിന് നല്ല പോലെ അറിയാം. മന്‍മോഹന്‍ കഴിവുള്ള രാഷ്ട്രീയക്കാരന്‍ തന്നെ

മന്‍മോഹന്‍ പറഞ്ഞത്

‘ടുജി സ്‌പെക്ട്രം ഇടപാട് അടക്കമുള്ള അഴിമതി ആരോപണങ്ങള്‍ ജെ.പി.സി. ഉള്‍പ്പെടെ ഏത് സമിതി അന്വേഷിക്കുന്നതിലും തനിക്ക് വിയോജിപ്പില്ല. അഴിമതിക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. കോമണ്‍വെല്‍ത്ത് അഴിമതി അന്വേഷണം വൈകുന്നതില്‍ ആശങ്കയുണ്ട്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കും. മാധ്യമങ്ങള്‍ മോശം കാര്യങ്ങളെക്കുറിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യുകയാണ്. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ചില പരാതികള്‍ ഉയര്‍ന്ന സമയത്ത് 2007 നവംബര്‍ 2 ന് അന്നത്തെ ടെലികോം മന്ത്രി എ.രാജയ്ക്ക് ഇത് സംബന്ധിച്ച് താന്‍ കത്തെഴുതിയിരുന്നു. സ്‌പെക്ട്രം അനുവദിക്കുന്നത് അടക്കമുള്ള ഇടപാടുകള്‍ സുതാര്യമായാണ് നടക്കുന്നതെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും കാണിച്ച് രാജ തിരിച്ച് തനിക്ക് കത്തെഴുതുകയാണ് ചെയ്തത്.

ട്രായ്, ടെലികോം കമ്മീഷന്‍ എന്നിവ ലേലത്തിന് എതിരായിരുന്നുവെന്ന് രാജ കത്തില്‍ സൂചിപ്പിച്ചിരുന്നു. തീരുമാനം ടെലികോം മന്ത്രാലയമാണ് എടുത്തത്. ഇത് മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നില്ല. എസ്ബാന്‍ഡ് സ്‌പെക്ട്രം ഇടപാടില്‍ തന്റെ ഓഫീസ് ഇടപെട്ടിട്ടില്ല. കൂട്ടുകക്ഷി ഭരണം നടക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ഒരാള്‍ക്ക് നിയന്ത്രിക്കാനാകില്ല.

ചില സംശയങ്ങള്‍ താന്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഡി.എം.കെ. ആവശ്യപ്പെട്ടതുപ്രകാരമാണ് രാജയെ വീണ്ടും മന്ത്രിയാക്കിയത്. അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും താന്‍ അശക്തനായ ഒരു പ്രധാനമന്ത്രിയാണെന്ന് കരുതരുത്.

പാര്‍ലമെന്റ് പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. മന്ത്രിസഭയില്‍ അഴിച്ചുപണി ബജറ്റിന് ശേഷമുണ്ടാകും. കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ കഴിഞ്ഞത് ഒരു വലിയ നേട്ടമാണ്. സാമ്പത്തിക വളര്‍ച്ച ശരിയായ പാതയിലാണ്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഇപ്പോള്‍ തല്‍ക്കാലം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ യു.ഡി.എഫ്. അടുത്ത തവണ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്പെക്ട്രം: രാജ-മന്‍മോഹന്‍ കത്തിടപാടുകള്‍ പുറത്ത്

Advertisement