റിയാദ്: പശ്ചിമേഷ്യന്‍ പ്രശ്‌നത്തില്‍ സമാധാനപരമായ പരിഹാരത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും സ്വതന്ത്ര പലസ്തീന്‍ രൂപീകരണത്തിനു ഇന്ത്യ പരിപൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും സൗദി അറേബ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പരമാധികാര, സ്വതന്ത്ര, സ്വയം പര്യാപ്ത ഐക്യ പലസ്തീന്‍ രാജ്യമാണ് ഇന്ത്യയുടെ സ്വപ്‌നം. ഇറാന്‍, ഇറാഖ്, അഫ്ഗാന്‍ വിഷയങ്ങളില്‍ ഇന്ത്യക്കും സൗദിക്കും നിര്‍ണായകപങ്കു വഹിക്കാനുണ്ട്. സാര്‍ക്-ഗള്‍ഫ് സഹകരണം കൂടുതല്‍ മെച്ചപ്പെടണം. അബ്ദുല്ല രാജാവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വമത ഉച്ചകോടി അഭിനന്ദനാര്‍ഹമാണ്.

അനേകം മതങ്ങളെയും സംസ്‌കാരങ്ങളെയും ഭാഷകളെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സംസ്‌കാരം സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആഗ്രഹിക്കുന്നത്. മറ്റ് മതങ്ങളെക്കുറിച്ച് മനസിലാക്കുന്നതിലൂടെ സഹിഷ്ണുത ഉറപ്പ് വരുത്താനാവും. ഇന്ത്യയുടെ അവിഭാജ്യഘടകമായ മുസ്‌ലിം സമൂഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.