ചെന്നൈ: പ്രശസ്ത ഛായാഗ്രഹകന്‍ മങ്കട രവിവര്‍മ അന്തരിച്ചു. ദീര്‍ഘനാളായി അള്‍ഷിമേഴ്‌സ് രോഗബാധിതനായ അദ്ദേഹത്തിന് മരിക്കുമ്പോള്‍ 83 വയസ്സായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ ചെന്നൈയില്‍ നടക്കും. അവിവാഹിതനായ അദ്ദേഹം കോടമ്പാക്കത്തെ കാന്തനഗര്‍ കോളനിയിലെ സഹോദരിയുടെ വസതിയിലായിരുന്നു താമസ്സിച്ചിരുന്നത്.

സമഗ്രസംഭാവനയ്ക്കുള്ള ജെ. സി. ഡാനിയല്‍ പുരസ്‌കാരവും ആറു തവണ സംസ്ഥാന പുര സ്‌കാരവും ഒരു തവണ ദേശീയപുരസ്‌കാരവും നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, പി.എന്‍ മേനോന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് മലയാള സിനിമ മാക്ടയുടെ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.

സരസ്വതി മഹാള്‍ ലൈബ്രറിയെക്കുറിച്ചുള്ള ഡോക്യുമെന്ററി, ഞരളത്ത് രാമപ്പൊതുവാളിനെക്കുറിച്ച് ‘ദിവ്യത്വത്തിലേക്കുള്ള പടവുകള്‍’ എന്ന ഡോക്യുമെന്ററി എന്നിവ സംവിധാനം ചെയ്തു. 1983ല്‍ എം. ഗോവിന്ദന്റെ ഒരു കവിതയെ അവലംബിച്ച് നിര്‍മിച്ച നോക്കുകുത്തിയുടെ സംവിധാനത്തിന് സ്‌പെഷല്‍ അവാര്‍ഡ് ദേശീയാംഗീകാരമായി ലഭിച്ചു.

‘അവള്‍’ ആയിരുന്നു ആദ്യചിത്രം. അടൂര്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്താണ് അവസാനം ഛായാഗ്രഹണം ചെയ്ത ചിത്രം. പി.എന്‍. മേനോന്റെ ഓളവും തീരവും എന്ന ചിത്രത്തിലൂടെ സ്റ്റുഡിയോ സെറ്റുകളില്‍നിന്ന് പുറത്തെ വെളിച്ചത്തിലേയ്ക്കു മലയാള സിനിമയെ കൊണ്ടുവന്നതും മങ്കട രവിവര്‍മയാണ്.

പെരിന്തല്‍മണ്ണയിലെ മങ്കട കോവിലകത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. പാലക്കാട് വിക്‌ടോറിയ, മദ്രാസ് പോളിടെക്‌നിക് എന്നിവിടങ്ങിലായിരുന്നു പഠനം.