എഡിറ്റര്‍
എഡിറ്റര്‍
ആമിയില്‍ നിന്നും ഒരിക്കലും പിന്മാറില്ല: അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല: നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍
എഡിറ്റര്‍
Sunday 5th March 2017 12:57pm

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ആമി’യില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്ന് നടി മഞ്ജു വാര്യര്‍. അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലെന്നും മഞ്ജു വ്യക്തമാക്കി. മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായുള്ള സംവാദത്തിലാണ് മഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയത്.

മഞ്ജു ആമിയില്‍ അഭിനയിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയകളിലും മറ്റും സംഘപരിവാറില്‍ നിന്നും വലിയ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. മഞ്ജു ഈ ചിത്രത്തില്‍ നിന്നും പിന്മാറുന്നതായും ചില പ്രചരണങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തോട് ‘ഒരിക്കലും പിന്മാറില്ല. അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല’ എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, ആമിയെന്ന ചിത്രം ഏറ്റെടുക്കുമ്പോള്‍ ഒരുപാട് പേടിയുണ്ടെന്നും മഞ്ജു വ്യക്തമാക്കി. ‘അതേസമയം ഒരുപാട് പേടിയുണ്ട്. ആളുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മാധവിക്കുട്ടി. അവരുടെ കഥ സിനിമയാകുമ്പോള്‍ അതിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ നോക്കിക്കാണുക. അപ്പോള്‍ ആ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താനാവണം. എന്റെ നൂറുശതമാനവും ഞാനതിനു ശ്രമിക്കും.’ തന്റെ പേടിയെന്താണെന്ന് മഞ്ജു വിശദീകരിക്കുന്നു.


Also Read: ഒരു കയ്യടികിട്ടാന്‍, ഒരു ചിരികിട്ടാന്‍ സ്ത്രീയെ അവഹേളിക്കുന്ന സിനിമയ്ക്ക് ഞാന്‍ എതിരുനില്‍ക്കും: മഞ്ജു വാര്യര്‍


എഴുത്തുകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് മാധവിക്കുട്ടി. ഒരു തവണ മാധവിക്കുട്ടിയെ നേരില്‍കാണുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു വ്യക്തിയുടെ ജീവിതം സിനിമയാകുമ്പോള്‍ അത് ചെയ്യുകയെന്നത് ഏതൊരു നടിയെ സംബന്ധിച്ചും വലിയ ഭാഗ്യമാണെന്നും മഞ്ജു പറഞ്ഞു.

‘അവസാനം എന്റെടുത്തേക്ക് തന്നെ ആമി വരും എന്നത് ഞാനൊരിക്കലും കരുതിയിരുന്നില്ല. അത് വലിയ ഭാഗ്യമായി കരുതുന്നു. ‘ മഞ്ജു വ്യക്തമാക്കി.

Advertisement