ഗുരുവായൂര്‍: നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ സ്വന്തം മഞ്ജുവാര്യര്‍ ഇന്ന് നൃത്തവേദിയിലെത്തുന്നു. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകീട്ടാണ് മഞ്ജുവിന്റെ കുച്ചിപ്പുടി അരങ്ങേറ്റം.

Ads By Google

എട്ടാം വയസുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയിരുന്നെങ്കിലും വിവാഹത്തോടെ അത് അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ഏഴാം തരത്തില്‍ പഠിക്കുന്ന മകളുടെ നൃത്തപഠനം കണ്ടാണ് വീണ്ടും നൃത്ത വേദിയിലേക്ക് എത്തണമെന്ന ആഗ്രഹം മഞ്ജുവിലെത്തുന്നത്.

ഭരതനാട്യം പഠിച്ച മഞ്ജു രണ്ടാം വരവില്‍ കുച്ചിപ്പുഡിയിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്. കുച്ചിപ്പുഡി പ്രാഥമിക പാഠം മുതല്‍ തുടങ്ങി ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.

സ്‌കൂള്‍ പഠനകാലത്തും സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലെയും നിറ സാന്നിധ്യമായിരുന്ന മഞ്ജു മിക്ക വര്‍ഷവും മുടങ്ങാതെ സംസ്ഥാനതല മേള കാണാന്‍ എത്താറുണ്ടായിരുന്നു.

തന്റെ രണ്ടാം വരവില്‍ അല്പം ടെന്‍ഷന്‍ ഉണ്ടെന്നും എങ്കിലും മോശമായെന്ന് ആളുകള്‍ക്ക് പറയാന്‍ ഇടവരുത്തരുതേയെന്നാണ് പ്രാര്‍ത്ഥനയെന്നും മഞ്ജു പറഞ്ഞു.