മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകര്‍ ആരെന്ന ചോദ്യത്തിന് ഇനി ധൈര്യമായി ഉറക്കെ പറയാം, നമ്മുടെ മഞ്ഞപ്പടയാണെന്ന്. മഞ്ഞപ്പടയെ രാജ്യം തന്നെ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്‌കാരമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയെ തേടി എത്തിയിരിക്കുന്നത്.

വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണു മഞ്ഞപ്പടയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മുംബൈയിലായിരുന്നു പ്രഖ്യാപന ചടങ്ങ്.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകസംഘമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആരാധകക്കൂട്ടമായ നമ്മ ടീം ആര്‍.സി.ബി എന്നിവര്‍ക്കു പുറമെ മഞ്ഞപ്പടയുടെ മുഖ്യ ശത്രുക്കളും ഈ വര്‍ഷംമുതല്‍ ഐ.എസ്.എല്ലിന്റെ ഭാഗമാകുന്ന ബെംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ്‌ബ്ലോക് ബ്ലൂസിനേയും പിന്തള്ളിയാണ് മഞ്ഞപ്പടയുടെ തേരോട്ടം.


Also Read: ‘എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ബാര്‍ബറ്റോവിനെ ഞാന്‍ ചവിട്ടും’; മഞ്ഞപ്പടയുടെ പടത്തലവനെ വെല്ലുവിളിച്ച് ബംഗളൂരു എഫ്.സിയുടെ പ്രതിരോധ ഭടന്‍ ജോണ്‍സന്‍


നേരത്തെ ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണം കിട്ടിയിട്ടുണ്ടെന്നു മഞ്ഞപ്പട അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.ഐഎസ്എല്‍ നാലാം സീസണ് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിട്ടിയ ഈ പുരസ്‌കാരം, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകരും.