മലപ്പുറം: മങ്കട എം എല്‍ എസ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്ന് മഞ്ഞളാംകുഴി അലി. സ്പീക്കറെ നേരില്‍ക്കണ്ട് ഉടനേ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും അലി വ്യക്തമാക്കി. സി പി ഐ എം പിന്തുണയോടെ ലഭിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുകയാണെന്നും മങ്കടയിലെ ജനങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അലി പറഞ്ഞു. മലപ്പുറത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അലി ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ കച്ചവടം നടത്താനല്ല രാഷ്ട്രീയത്തില്‍ വന്നത്. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള്‍ നേടിയവര്‍ക്ക് തന്റെ കച്ചവടത്തെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. സി പി ഐ എം നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച് മടുത്തു. ആരുടെ മുന്നിലും മുട്ടുമടക്കി കേഴാന്‍ ഉദ്ദേശിക്കുന്നില്ല.

പാര്‍ട്ടിയുടെ സഹായത്തോടെ ലഭിച്ച എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവയ്ക്കുകയാണ്. മങ്കടമണ്ഡലത്തില്‍ തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല. സ്വന്തമെന്നു കരുതിയ പല നേതാക്കളും തനിക്കെതിരേ നടത്തിയ പ്രസ്താവനകള്‍ വേദനിപ്പിച്ചെന്നും അലി വ്യക്തമാക്കി.

തന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. അവരുടെ വിജയത്തിനായി സഹകരിക്കും. എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള അന്തരം ഇല്ലാതാവുകയാണെന്നും അലി പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയതയിലെ ഇരയാണ് താനെന്നും വി എസ് പക്ഷക്കാരനാക്കി തന്നെ മുദ്രകുത്തിയെന്നും അലി ആരോപിച്ചു.