Administrator
Administrator
‘എനിക്കു മതിയായി, ഇനിയും കുനിഞ്ഞുനില്‍ക്കാനാവില്ല’
Administrator
Wednesday 13th October 2010 11:20pm

മഞ്ഞളാംകുഴി അലി തന്‍റെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിന്‍റെ പൂര്‍ണ്ണരൂപം

പാര്‍ട്ടിയുടെ ഉന്നതരായ ചില നേതാക്കള്‍ എനിക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഈ പാശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ.മങ്കട മണ്ഡലത്തിലെ ജനങ്ങളോട് പൊതുവായും ഇടതുപക്ഷ പ്രവര്‍ത്തകരോട് പ്രത്യേകിച്ചും എനിക്ക് വളരെ വലിയ കടപ്പാടുണ്ട്. ഇവിടെ നിന്ന് മൂന്നു തവണ മത്സരിച്ചു. രണ്ടു തവണ വിജയിച്ചു.

കക്ഷിരാഷ്ട്രീയത്തിനു അതീതമായി വലിയൊരു വിഭാഗം ജനങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് എനിക്ക് വിജയിക്കാനായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഏകദേശം 200 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മങ്കട മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് അപ്പുറമുള്ള; സംസ്ഥാനത്തിന് തന്നെ മാതൃകയായ; പല വികസന നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

തികച്ചും അപ്രതീക്ഷിതമായ ഒരു നിയോഗം പോലെ ആണ് ഞാന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. പാവങ്ങളോടുള്ള പ്രതിബദ്ധത, ആദ്യകാല നേതാക്കളുടെ വിശുദ്ധി, ത്യാഗമനോഭാവം – ഇവയൊക്കെയാണ് എന്നെ ഇടതുപക്ഷത്തെ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനത്തിന് വേണ്ടി ലഭിച്ച ഒരു ദൈവനിയോഗമായേ കണ്ടിട്ടുള്ളു.

വിഎസ്സുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നെ ഒരു വിഎസ്സ് പക്ഷക്കാരന്‍ എന്ന് മുദ്ര കുത്താന്‍ കാരണം ആയി

ശ്രീ വി എസ് അച്ചുതാനന്ദന്‍റെ നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഉല്‍പ്പന്നം ആണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. അസ്സംബ്ലിക്കകത്തും പുറത്തും നടന്ന പ്രക്ഷോഭ സമരങ്ങളില്‍ ഞാന് ആത്മാര്‍ത്ഥമായി പങ്കാളിയായി. ജില്ലയിലെ ഏക പ്രതിപക്ഷ MLA എന്ന നിലയില്‍ പാര്‍ട്ടിക്കൊപ്പം നിന്ന് ജില്ലയിലാകെ ഞാനും പ്രവര്‍ത്തിച്ചു. ചരിത്രത്തില് ആദ്യമായി മഞ്ചേരി പാര്ലമെന്റ് മണ്ഡലത്തില് നിന്ന് ഒരു സിപിഎമ്മിന്റെ എംപിയെ വിജയിപ്പിക്കുന്നതിലും, അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് 5 എല്‍ഡിഎഫ് എംഎല്‍എമാരെ വിജയിപ്പിക്കുന്നതിലും ഒരു ചെറിയ പങ്കു പാര്‍ട്ടിക്കൊപ്പം ഞാനും വഹിച്ചിട്ടുണ്ട്.

എന്നാല്‍ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വമ്പിച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സിപിഎമ്മിനകത്തെ വിഭാഗീയത എല്ലാ മറയും നീക്കി പുറത്ത് വന്നു. വിഎസ്സുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നെ ഒരു വിഎസ്സ് പക്ഷക്കാരന്‍ എന്ന് മുദ്ര കുത്താന്‍ കാരണം ആയി. മുമ്പെങ്ങോ ഒരു പത്രപ്രവര്‍ത്തകന് ഞാന്‍ നല്‍കിയ ഒരഭിമുഖo അദ്ദേഹം എഡിറ്റ് ചെയ്തു ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

ഇതേ തുടര്‍ന്ന് സിപിഎമ്മിന്‍റെ പ്രമുഖ നേതാക്കള്‍ എന്നോടോ മലപ്പുറം പാര്‍ട്ടിസെക്രട്ടറിയോടോ ഒരു വാക്ക് പോലും ചോദിക്കാതെ ഞാന്‍ മുമ്പേ, ഞാന്‍ മുമ്പേ എന്ന നിലയില്‍ ഉറഞ്ഞു തുള്ളി. എന്‍റെ അഭിമുഖത്തിന്‍റെ യഥാര്‍ത്ഥ സിഡി അന്നത്തെ സിപിഎം ജില്ല സെക്രെട്ടറിയെ ഞാന്‍ കാണിച്ചു. ആ പത്രം പിന്നീട് അതിന്‍റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചു. ഈ അഭിമുഖത്തില്‍ വിവാദങ്ങള്‍.. ഒന്നും ഇല്ലെന്നു എല്ലാവര്‍ക്കും ബോധ്യപെട്ടു.

സി പി എമ്മിനകത്തെ വിഭാഗീയതയില്‍ ഒരു പങ്കുമില്ലാതിരുന്ന എന്നെ വിഭാഗീയതയുടെ ഒരു ബലിയാടാക്കുകയാണ് ഉണ്ടായത്.

തുടര്‍ന്നിങ്ങോട്ട് പക്ഷെ എനിക്കെതിരെ അപ്രഖ്യാപിതമായ ഒരു വിലക്ക് സിപിഐഎം നേതൃത്വം പ്രഖ്യാപിച്ചു. ഞാന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ ആണെന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതാക്കള്‍ പ്രസംഗിച്ചു. വിവിധ വേദികളില്‍ എന്നെ ബോധപൂര്‍വ്വം അകറ്റിനിര്‍ത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ട്ടി അണികളില്‍ ആകെ എനിക്കെതിരെ സംഘടിതമായ രീതിയില്‍ അപവാദങ്ങള്‍ സിപിഐഎം  പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനൊന്നും നേരിട്ട് മറുപടി പറയാന്‍ എനിക്കവസരം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് എന്നോട് സൌഹൃദപരമായി ഒന്ന് സംസാരിക്കാന്‍ പോലും സി പി എം നേതൃത്വം തയ്യാറായില്ല എന്നത് എന്നെ വളരെ വേദനിപ്പിച്ചു. സി പി എമ്മിനകത്തെ വിഭാഗീയതയില്‍ ഒരു പങ്കുമില്ലാതിരുന്ന എന്നെ വിഭാഗീയതയുടെ ഒരു ബലിയാടാക്കുകയാണ് ഉണ്ടായത്.

എനിക്കെതിരെ പാര്‍ട്ടി നേതൃത്വം നടത്തി കൊണ്ടിരുന്ന അപവാദ പ്രചാരണങ്ങളോടും അവഗണനകളോടും ഞാന്‍ ഇത്രയുംകാലം പ്രതികരിച്ചില്ല. കാരണം മങ്കടമണ്ഡലത്തില്‍ ഞാന്‍ കാരണം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചു. ഇതൊന്നും പാര്‍ട്ടിയുടെ മാത്രം ആഭ്യന്തരകാര്യങ്ങളല്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വ്യക്തിബന്ധങ്ങള്‍ മറക്കാനോ, നിലപാടുകളില്‍ സന്ധി ചെയ്യാനോ എനിക്കാവില്ല.

എ ഡി ബി വായ്പ, സ്വാശ്രയ വിദ്യാഭ്യാസനയം, ലോട്ടറി, മൂന്നാര്‍, ആദിവാസി – പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയിലെല്ലാം അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ്  ചുവടുമാറ്റമുണ്ടായി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നയം, ഭരണത്തിലിരിക്കുമ്പോള്‍ മറ്റൊരു നയം.

നമ്മുടെ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിലും എനിക്ക് ഭിന്നാഭിപ്രായമുണ്ട്. ദീര്‍ഘവീക്ഷണത്തോട് കൂടിയ ഒരു കാഴ്ച്ചപ്പാട് ഇല്ലാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയവ ആരംഭിക്കാന്‍ പോലും നമുക്ക് കഴിഞ്ഞില്ല. ലോകം തന്നെ ഉറ്റുനോക്കിയിരുന്ന ഈ വികസന പദ്ധതികള്‍ വൈകിയതിനു ഭാവി തലമുറയോട് നമ്മള്‍ മറുപടി പറഞ്ഞെ പറ്റൂ. അഭ്യസ്തവിദ്യര്‍ക്കും, പ്രൊഫഷണലുകള്‍ക്കും  മാന്യമായൊരു ജോലിക്ക് വേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ പോകണം. വികസനത്തിന്റെ നിരവധി സാധ്യതകള്‍ എല്‍ഡിഎഫ് കളഞ്ഞു കുളിച്ചു.

എന്‍റെ തൊഴില്‍ കച്ചവടം ആണെന്നും രാഷ്ട്രീയ കച്ചവടം നടത്താനല്ല ഞാന്‍ ഇതില്‍ വന്നതെന്നും എന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാം

ഞാന്‍ കച്ചവട കണ്ണുമായി രാഷ്ട്രീയത്തില്‍ വന്നതെന്നാണ് ഒരു ആരോപണം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഞാന്‍ സംസ്ഥാനത്ത് അറിയപെടുന്ന ഒരു സിനിമാ നിര്‍മ്മാതാവ് ആയിരുന്നു. എന്‍റെ തൊഴില്‍ കച്ചവടം ആണെന്നും രാഷ്ട്രീയ കച്ചവടം നടത്താനല്ല ഞാന്‍ ഇതില്‍ വന്നതെന്നും എന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്‍റെ വരുമാനത്തിന്‍റെ ഒരു ഭാഗം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്നുമുണ്ട്. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ച നേതാക്കന്മാര്‍ക്ക് എന്‍റെ തൊഴിലിനെ കുറിച്ച് പറയാന്‍ യോഗ്യത ഇല്ല

ഞാന്‍ പാര്‍ട്ടിക്കെതിരായി സ്ഥാനാര്‍ത്തികളെ നിര്‍ത്തുന്നു എന്നാണു മറ്റൊരു ആരോപണം. പാര്‍ട്ടിയുമായി പലവിധത്തിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ കാരണം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഈ തിരഞ്ഞെടുപ്പില്‍ വിവിധ പ്രദേശങ്ങളില്‍ പരസ്യമായി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍റെ വിജയത്തിന് രാപകല്‍ അദ്ധ്വാനിച്ച ചിലര്‍ സ്ഥാനാര്‍ത്ഥികള്‍ ആയി മത്സരിക്കുന്നുണ്ട്. ഇതൊന്നും എന്‍റെ പ്രേരണ കൊണ്ടല്ല. ആരെയും പിന്തിരിപ്പിക്കാന്‍ ഞാന്‍ ഒട്ടും ശ്രമിചിട്ടുമില്ല

ഞാന്‍ സി പി എമിന്‍റെ അടി മാന്താന്‍ ശ്രമിക്കുന്നു എന്നാണു മറ്റൊരു ആരോപണം. പാര്‍ട്ടിയെ നശിപ്പിക്കാന്‍ അതിനകത്തുള്ളവര്‍ക്ക് മാത്രമേ കഴിയൂ. പുറത്തു നില്‍ക്കുന്നവര്‍ക്ക് അതൊരിക്കലും സാധ്യമല്ല. സി പി എമിന്‍റെ അടി മാന്തുന്ന പ്രവര്‍ത്തി വിജയരാഘവനെ പോലെ ഉള്ളവര്‍ സാമാന്യം ഭേദപെട്ട രീതിയില്‍ നടത്തുന്നുണ്ട്.

എനിക്കെതിരെ നേതാക്കള്‍ നടത്തുന്ന തരം താണ പ്രസംഗങ്ങളും നേതാക്കളുടെ ശരീരഭാഷയും നിങ്ങളൊക്കെ കണ്ടതാണല്ലോ. എച്ചില്‍ നക്കുന്ന ജീവി ഏതെന്നു എല്ലാവര്‍ക്കുമറിയാം. എടയൂരിലെ ഒരു യോഗത്തില്‍ “അലിയുടെ തന്ത വന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല ” എന്നാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇത്രയും ധാര്ഷ്ട്യം ആര്‍ക്കും പാടില്ല. പ്രത്യേകിച്ച് ഒരു. കമ്മ്യുണിസ്റ്റകാരന്.

എനിക്ക് മതിയായി. ഇനിയും ഈ നേതാക്കളുടെ ആട്ടും തുപ്പും സഹിച്ചു വിനീത വിധേയനായി കുനിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിയില്ല

ഞാന്‍ ഇവരോടെല്ലാം എന്ത് തെറ്റ് ആണ് ചെയ്തത്?  യുഡിഎഫിന്‍റെ ഉറച്ച കോട്ട ആയ മങ്കട മണ്ഡലം രണ്ടു പ്രാവശ്യം എല്‍‌ഡിഎഫിന്  നേടി കൊടുത്തത് ആണോ?  കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ജില്ലയിലെ ഏകപ്രതിപക്ഷ MLA എന്ന നിലയില്‍ ഓടി നടന്നു പ്രവര്‍ത്തിച്ചതാണോ?  മങ്കട മണ്ഡലത്തില്‍ മാതൃകാ പരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണോ? പ്രവാസികളുടെ ക്ഷേമത്തിനായി സംഘടന രൂപികരിച്ചു പ്രവര്ത്തനങ്ങള്‍ക്ക് നേത്രത്വം നല്കിയതാണോ?

എനിക്ക് മതിയായി. ഇനിയും ഈ നേതാക്കളുടെ ആട്ടും തുപ്പും സഹിച്ചു വിനീത വിധേയനായി കുനിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിയില്ല. രാഷ്ട്രീയ യജമാനന്മാരുടെ മുമ്പില്‍ മുട്ട് മടക്കാനും ഞാന്‍ ഒരുക്കമല്ല. മണ്ഡലത്തിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ കുറച്ചുജോലികള്‍ പൂര്ത്തികരിക്കാന്‍ ഉണ്ടെങ്കിലും ഈ ആട്ടും തുപ്പുംസഹിച്ചു ഇനിയും തുടര്‍ന്ന് പോകാന്‍ കഴിയില്ല.

പാര്‍ട്ടിയുടെ സഹായം കൊണ്ട് നേടിയ എംഎല്‍എ സ്ഥാനം,  നോര്‍ക്ക ഡയറക്ടര്‍ഷിപ്പ് , പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്പീക്കര്‍ക്കുള്ള രാജിക്കത്ത് എന്‍റെ വോടര്‍മാരുമായി കൂടി ആലോചിച്ചു അടുത്തൊരു ദിവസം തന്നെ സമര്‍പ്പിക്കുന്നതാണ്.

ഈ തീരുമാനങ്ങള്‍ ശരിയായിരുന്നു എന്ന് കാലം തെളിയിക്കും മങ്കട മണ്ഡലത്തിലെ എന്‍റെ വിജയത്തിനായി എന്നോടൊപ്പം പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെയും, വോട്ടര്‍മാരെയും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. സ്ഥാനമാനങ്ങള്‍ ഇല്ലെങ്കിലും അവരെ അനാഥമാക്കാതെ ഞാന്‍ എന്നും അവരുടെ കൂടെ ഉണ്ടായിരിക്കും – ഒരു  സ്വതന്ത്രനായി

ഈ കഴിഞ്ഞ ഒന്‍പതര വര്‍ഷം ഒരു എംഎല്‍എ എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ എന്നോടൊപ്പം നിന്ന സാമൂഹിക പ്രവര്‍ത്തകരോടും, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരോടും, മാധ്യമ സുഹൃത്തുക്കളോടും, ഞാന്‍ നന്ദി പറയുന്നു,

അതിനെക്കാളൊക്കെ എല്ലാ വികസനപ്രവര്‍ത്തനങ്ങളോടും പൂര്‍ണ പിന്തുണ തന്നു എന്നെ രണ്ടു തവണ വിജയിപ്പിച്ച എന്‍റെ നാട്ടുകാരോട്, ഞാന്‍ എന്‍റെ കടപ്പാടും നന്ദിയും ഒന്ന് കൂടി അറിയിക്കട്ടെ.

നിര്‍ത്തുന്നു. നന്ദി.

Advertisement