എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളോട് യുദ്ധം ചെയ്ത് മാലിന്യം തള്ളാന്‍ കഴിയില്ല: മന്ത്രി അലി
എഡിറ്റര്‍
Thursday 19th April 2012 1:30pm

manjalamkuzhi aliതിരുവനന്തപുരം: ജനങ്ങളോട് യുദ്ധം ചെയ്ത് മാലിന്യം തള്ളാന്‍ കഴിയില്ലെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തി പ്രശ്‌നം പരിഹരിക്കുക എന്നതല്ല സര്‍ക്കാരിന്റെ നയമെന്നും തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ മന്ത്രി പറഞ്ഞു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയാണ് വേണ്ടത്. ഇതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം.

നഗരങ്ങളിലെ മാലിന്യങ്ങള്‍ മുഴുവന്‍ ഗ്രാമങ്ങളില്‍ കൊണ്ടുപോയി തള്ളുകയെന്നത് നല്ല കാര്യമല്ല. ഇപ്പോള്‍ നല്ലൊരു സ്ഥലം ലഭിച്ചാല്‍ അവിടെ യാര്‍ഡ് ഉണ്ടാക്കി മാലിന്യങ്ങള്‍ കൊണ്ടുപോയി കുന്നുകൂട്ടുന്ന രീതിയാണുള്ളത്. അവിടെ സംസ്‌കരിക്കുന്നതിന് പോലും സംവിധാനമില്ല. ഇത് മാറണംമന്ത്രി പറഞ്ഞു.

ജനങ്ങള്‍ മന്ത്രിയെ വിലയിരുത്തുന്നത് ജാതിയും മതവും നോക്കിയല്ല, പ്രവര്‍ത്തനം നോക്കിയാണ്. ‘ഏതു സമുദായത്തില്‍ പെട്ടയാളാണെന്ന് നോക്കിയല്ല ജനങ്ങള്‍ മന്ത്രിയെ വിലയിരുത്തുന്നത്. അവര്‍ എന്തു ചെയ്യുന്നു എന്നതാണ് പ്രശ്‌നം’. അഞ്ചാംമന്ത്രി പ്രശ്‌നം അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. മുസ്ലീംലീഗിന് മന്ത്രി ആര്യാടനുമായി യാതൊരു പ്രശ്‌നവുമില്ലെന്നും അലി പറഞ്ഞു.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള സര്‍വകക്ഷി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. വിളപ്പില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ അറിയിച്ചിരുന്നു. വിളപ്പില്‍ശാലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അവിടെ നിലവിലുള്ള മാലിന്യം സംസ്‌കരിക്കാന്‍ കളിമണ്ണ് കൊണ്ടുവരാനുള്ള സൗകര്യം പഞ്ചായത്ത് അധികൃതര്‍ ഒരുക്കണമെന്നും മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Malayalam News

Kerala News in English

Advertisement