Administrator
Administrator
‘ഇവരെ തോല്പിക്കണം, എങ്കിലേ പഠിക്കൂ; പാര്‍ട്ടി നന്നാവൂ’
Administrator
Monday 18th October 2010 8:15am

മലപ്പുറം: വരുന്ന മൂന്നു നാലു തിരഞ്ഞെടുപ്പുകളിലെങ്കിലും ഇടതുമുന്നണിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളെയും തോല്പിക്കണമെന്ന് മഞ്ഞളാം കുഴി അലി എം.എല്‍.എ. എങ്കിലേ പഠിക്കൂ; പാര്‍ട്ടി നന്നാവൂ. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായി പനങ്ങാങ്ങരയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇപ്പോഴത്തെ നേതാക്കള്‍ സി.പി.ഐ. എമ്മിനെ കൊണ്ടെത്തിക്കുന്നത് സര്‍വ്വനാശത്തിലേക്കാണ്. രണ്ട് ഗ്രൂപ്പിലും നല്ലതും ചീത്തയുമായ നേതാക്കളുണ്ട്. എല്ലാംകൂടി കൂട്ടുമ്പോള്‍ ചീത്തയാള്‍ക്കാരാണ് പാര്‍ട്ടിയില്‍ കൂടുതല്‍. സാധരണക്കാരുടെ നാണയത്തുട്ടുകള്‍ ഇന്ന് പാര്‍ട്ടിക്ക് വേണ്ട. സാന്റിയാഗോ മാര്‍ട്ടിന്റെയും വിജയ്മല്യയുടെയും നോട്ട്‌കെട്ടുകളിലാണ് കണ്ണ്. എത്രയാളുകള്‍ ജീവനും സ്വത്തും നല്‍കിയ പാര്‍ട്ടിയാണിത്. ഞാനും നിങ്ങളും ഇറങ്ങിയാലൊന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണ് പോക്ക്. അലി തുറന്നടിച്ചു.

നാടിന്റെ ഭാവി ലക്ഷ്യമിട്ട് നാലര വര്‍ഷം എന്ത് വികസനമാണ് ഇടതു സര്‍ക്കാര്‍ ഉണ്ടാക്കിയത്. ഭരിക്കുമ്പോള്‍ പാര്‍ട്ടിക്ക് ഒരു നയം പ്രതിപക്ഷത്തിരിക്കുമ്പോള്‍ വേറൊരു നയം എന്നതാണ് സി.പി.ഐ.എമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ നിലപാട് കാപട്യമാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ എ.ഡി.ബി വായ്പക്കെതിരെ സമരം ചെയ്തു. ഭരണത്തില്‍വന്നപ്പോള്‍ മുഖ്യമന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥര്‍പോയി വായ്പ വാങ്ങുന്നതിന് ഒപ്പിട്ടുകൊടുത്തു. ലക്ഷകണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുമായിരുന്ന സ്മാര്‍ട്ട് സിറ്റിയും വിഴിഞ്ഞം പദ്ധതിയും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് നശിപ്പിച്ചുവെന്നും അലി കുറ്റപ്പെടുത്തി.

വി.എസിനെ ആദ്യം ഇഷ്ടമായിരുന്നില്ല. പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനവും ലളിതമായ ജീവിതവും മതിപ്പുളവാക്കി. ജില്ലയില്‍ വന്നാല്‍ ഇവിടെ താമസിക്കുക പതിവാണ്. എനിക്കും ഒരു കാരണവര്‍ വീട്ടിലെത്തും പോലെ തോന്നും, അല്ലാതെ എനിക്കെന്തു ഗ്രൂപ്പ്, അകത്തെ ഗ്രൂപ്പുകളി അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു. വി.എസിന്റെ ഒപ്പം നില്‍ക്കുന്നുവെന്നാരോപിച്ചാണ് തന്നെ എല്ലാ വേദികളില്‍നിന്നും അകറ്റിയത്. പാര്‍ട്ടിയില്‍ വി.എസിന് വേണ്ടി ഞാന്‍ ഒരിക്കലും ഇറങ്ങിയിട്ടില്ല. അതിന് എവിടെയും ഒരു തെളിവും കിട്ടില്ല. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ മൂലയിലാക്കാനുള്ള ശ്രമമാണ് അണിയറയില്‍ അരങ്ങേറിയത്്. അദ്ദേഹം പറഞ്ഞു.

കേരള പ്രവാസിസംഘം ഉണ്ടാക്കനായി ഓടിനടന്നത് ഞാനാണ്. എന്നാല്‍ നോര്‍ക്കാ റൂട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വി.എസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടുപോലും അതിന് ഉടക്കുവെച്ചു. ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടതിലല്ല, ഒഴിവാക്കിയ രീതിയോടാണ് തനിക്ക് എതിര്‍പ്പ്. പാലോളി കമ്മിറ്റിയടക്കം മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള സമിതികളിലേക്കും തന്നെ അടുപ്പിച്ചില്ല.

മത്സരിക്കാനില്ലെന്ന് പറഞ്ഞൊഴിയാന്‍ ചെന്നപ്പോഴാണ് അലി ജയിച്ചാല്‍ മന്ത്രിയാണെന്ന് ഹംസാക്ക പറഞ്ഞത്. അതുകരുതി മന്ത്രി സ്ഥാനം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്നെ മന്ത്രിയാക്കുമെന്ന് വേദികളില്‍ ഇവര്‍ പരസ്യമായി പറഞ്ഞു. ജയിച്ചു നിയമസഭയില്‍ ചെന്നപ്പോള്‍ മുഖംമാറ്റി നടന്നു. അലിയെ വിശ്വസിക്കരുത്, അലി സ്വതന്ത്രനാണ് എന്നായി പ്രചാരണം.

ടി.കെ. ഹംസ തന്നോട് പറഞ്ഞത് മുഴുവനും ഇപ്പോള്‍ പറയുന്നില്ല. തന്റെ പ്രശ്‌നം എന്താണെന്ന് പാര്‍ട്ടി ഒരിക്കലും ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ ഓടിച്ചെന്നേനെ. മന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് രണ്ടു മുഖമുണ്ടെന്ന് ബലമായി സംശയിക്കുന്നു. സാവധാനം നിശബ്ദമായി പിരിയുക എന്നതായിരുന്നു താന്‍ കരുതിയതെന്നും എന്നാല്‍ എ. വിജയരാഘവന്റെ ‘ബോംബ്’ അതിനും സമ്മതിച്ചില്ലെന്നും അലി പറഞ്ഞു.

എല്ലാം സഹിച്ച് നിന്നത് മങ്കടയിലെ വോട്ടര്‍മാരെ വിചാരിച്ചാണ്. നില്‍ക്കള്ളി ഇല്ലാതായപ്പോഴാണ് പുറത്തുപോന്നത്. 26ന് ഞാന്‍ കത്ത് സ്പീക്കര്‍ക്ക് കൊടുക്കും. അതിന് മുമ്പ് മണ്ഡലത്തിലെ എല്ലാവരേയും കാണുമെന്നും രാജിക്കത്ത് ഉയര്‍ത്തി അലി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വരില്ല. വന്നാലും ഇല്ലെങ്കിലും നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവുമെന്നും അലി മങ്കടയിലെ വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.

വിഎസ്സിനെ ഞാന്‍ വെറുത്തിരുന്നു: മഞ്ഞളാംകുഴി അലി  (അഭിമുഖം)

അലി യു.ഡി.എഫിലേക്കില്ല; ഇടതു ചേരിയില്‍ തുടരും (വാര്‍ത്ത)

‘എനിക്കു മതിയായി, ഇനിയും കുനിഞ്ഞുനില്‍ക്കാനാവില്ല’ (പത്രകുറിപ്പ്)

Advertisement