കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയായി. അലിയും മാണിഗ്രൂപ്പ് നേതാവ് പി.സി ജോര്‍ജ്ജും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തിയത്.

തങ്ങള്‍ക്ക് അഞ്ച് മന്ത്രിമാര്‍ വേണമെന്ന് നേരത്തെ ലീഗ് ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ഉമ്മന്‍ചാണ്ടി സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാണി ഗ്രൂപ്പായിരുന്നു തടസ്സമായി മുന്നിലുണ്ടായിരുന്നത്. നിലവില്‍ രണ്ട് മന്ത്രിമാരുള്ള മാണി ഗ്രൂപ്പ് 21ാമത്തെ മന്ത്രിസ്ഥാനത്തിന് വേണ്ടി ആവശ്യമുന്നയിച്ചിരുന്നു. പി.സി ജോര്‍ജ്ജിന് വേണ്ടിയായിരുന്നു ഈ ആവശ്യം.

എന്നാല്‍ അനുനയത്തിന് ശ്രമിച്ച മുസ്‌ലിം ലീഗ് നേതൃത്വത്തോട്, പി.സി ജോര്‍ജ്ജ് സമ്മതിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നാണ് മാണി പറഞ്ഞത്. ഇതനുസരിച്ച് അലി നേരിട്ടാണ് ജോര്‍ജ്ജുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇരുവരും ചില ഇടപാടുകള്‍ നടത്തിയതായും വിവരമുണ്ട്. അലി നല്‍കിയ ചില വാഗ്ദാനത്തില്‍ തൃപ്തനായ ജോര്‍ജ്ജ് മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

മാണിഗ്രൂപ്പിനെയും ജോര്‍ജ്ജിനെയും അനുനയിപ്പിച്ച സാഹചര്യത്തില്‍ പാര്‍ലിമെന്ററികാര്യ മന്ത്രിയായി അലി ചുമതലയേല്‍ക്കും. പ്രത്യേകമായ ജോലിയൊന്നുമില്ലാത്ത അപ്രധാനവകുപ്പാണ് പാര്‍ലിമെന്ററി കാര്യം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എം.വിജയകുമാറാണ് പാര്‍ലിമെന്ററി കാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമ വകുപ്പുകളും വിജയകുമാറിനുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ മഞ്ഞളാംകുഴി അലിക്ക് അപ്രസക്തമായ പാര്‍ലിമെന്ററി കാര്യവകുപ്പ് മാത്രമാണ് ലഭിക്കുക. നേരത്തെ എം.കെ മുനീറിന് നല്‍കിയ പഞ്ചായത്ത് വകുപ്പില്‍ നിന്ന് നഗരവകുപ്പ് കുഞ്ഞാലിക്കുട്ടി എടുത്ത് മാറ്റി തന്റെ വ്യവസായ വകുപ്പിലേക്ക് ചേര്‍ത്തിരുന്നു. ലീഗിനുള്ളില്‍ ഏറെ വിമര്‍ശനമുയര്‍ന്നെങ്കിലും നഗരവികസനം പിന്നീട് അലിക്ക് നല്‍കുമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ഇതുപ്രകാരം നഗരവികസനം അലിക്ക് നല്‍കാനുള്ള സാധ്യതയും നിലവിലുണ്ട്.