എഡിറ്റര്‍
എഡിറ്റര്‍
മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
എഡിറ്റര്‍
Thursday 12th April 2012 10:27am

രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത മുമ്പ് പരസ്പരം ആലിംഗനം ചെയ്യുന്ന മന്ത്രിമാരായ അനൂപ് ജേക്കബും മഞ്ഞളാംകുഴി അലിയും

 

തിരുവനന്തപുരം: മഞ്ഞളാംകുഴി അലിയും അനൂപ് ജേക്കബും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു.

അനൂപ് ജേക്കബ് ദൈവനാമത്തിലും, അലി അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ധാരാളം ആളുകളുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് തനിക്ക് ലഭിച്ച ഈ മന്ത്രിസ്ഥാനമെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം മഞ്ഞളാംകുഴി അലി മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യം സാധ്യമായത് അവരുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നും അദ്ദേഹംപറഞ്ഞു. തന്റെ വിജയത്തിനും ഇതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച അണികള്‍ക്കും ജനങ്ങള്‍ക്കും നന്ദി പറയുന്നതായി അനൂപ് ജേക്കബ് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ആര്യാടന്‍ മുഹമ്മദ്, കെ.മുരളീധരന്‍, ടി.എന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. വിഷയത്തില്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും അത് കെ.പി.സി.സി യോഗത്തില്‍ പറയുമെന്നും ആര്യാടന്‍ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെ അഞ്ചാം മന്ത്രിക്കെതിരെ പ്രസ്താവന നടത്തിക്കുകയും അവരെ ലീഗിന്റെ ശത്രുക്കളാക്കിയ ശേഷം മന്ത്രിസ്ഥാനം നല്‍കുകയുമാണ് ചെയ്തിരിക്കുന്നതെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ നിന്ന് നഗരവികസനം, ന്യൂനപക്ഷം എന്നീ വകുപ്പുകളാണ് അലിക്ക് നല്‍കുന്നത്. അനൂപിന് ടി.എം ജേക്കബ് കൈകാര്യം ചെയ്ത ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് ലഭിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തിലാണ് അഞ്ചാം മന്ത്രി സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. അലിയെ ലീഗിന്റെ അഞ്ചാം മന്ത്രിയായി യു.ഡി.എഫ് യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള രണ്ട് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസും കേരളകോണ്‍ഗ്രസും മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നെയ്യാറ്റിന്‍കരയില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജിനെ പിന്തുണക്കാനും യു.ഡി.എഫ് തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പിന്തുണ ഏതു വിധത്തില്‍ ആകണമെന്ന കാര്യം കെ.പി.സി.സി പ്രസിഡന്റ് ശെല്‍വരാജുമായി ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vs-with-udf-leaders

ആര്‍ ബാലകൃഷ്ണപിള്ള യു.ഡി.എഫിന് നല്‍കിയ പരാതി യോഗം ചര്‍ച്ച ചെയ്തുവെന്നും കേരളകോണ്‍ഗ്രസ് ബിയും മന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തില്‍ മന്ത്രിയും പാര്‍ട്ടിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഇല്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രങ്ങള്‍: രാംകുമാര്‍

Advertisement