എഡിറ്റര്‍
എഡിറ്റര്‍
മനീഷാ കൊയ്‌രാള തിരികെയെത്തുന്നു
എഡിറ്റര്‍
Saturday 31st March 2012 11:40am

മുംബൈ: ബോംബെ, ദില്‍സേ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് മനീഷ കൊയ്‌രാള. എന്നാല്‍ വിവാഹവും ഇടയ്ക്കാലത്ത് നേരിട്ട  തുടര്‍ച്ചയായ പരാജയങ്ങളും മനീഷയെ വെള്ളിത്തിരയില്‍ നിന്നും അകറ്റി. ഇതിനിടെ വിവാഹമോചനത്തിനു ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇടവേളയ്ക്കുശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മനീഷയിപ്പോള്‍.

‘ എന്റെ സിനിമകളെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം. കാരണം സംവിധായകരും നിര്‍മാതാക്കളും എപ്പോഴാണ് പരസ്യമായി ഇത് പ്രഖ്യാപിക്കുകയെന്ന് എനിക്കറിയില്ല. എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ക്ക് ഞാന്‍ ഡേറ്റ്  നല്‍കിയിട്ടുണ്ട്. രണ്ട് സംവിധായകരെക്കൂടി കാണുന്നുമുണ്ട്. തിരക്കഥ നന്നായാല്‍ അവര്‍ക്കും ഡേറ്റ് നല്‍കും’ മനീഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1991ല്‍ സുഭാഷ് ഗായ് യുടെ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയാണ് മനീഷ സിനിമാ രംഗത്തെത്തിയത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് തുടര്‍ച്ചയായ വിജയങ്ങള്‍ക്കുശേഷം ലോ ബജറ്റ് ചിത്രങ്ങളായ പൈസ വസൂല്‍, സിര്‍ഫ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ അവ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.

പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നു. ഇതിനിടെ, മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യ പിച്ചു ലക്കുകെട്ടനിലയില്‍ മനീഷയുടെ ചിത്രങ്ങള്‍ മാധ്യമങ്ങിലൂടെ പുറത്തുവന്നിരുന്നു.

മധൂര്‍ഭണ്ഡാര്‍ക്കറുടെ ഹീറോയിന്‍ എന്ന ചിത്രത്തിന്റെ കഥ മനീഷ കൊയിരാളയുടെ സ്വകാര്യ ജീവിതമാണെന്നു നേരത്തെ വാര്‍ത്ത പരന്നിരുന്നു. ഭണ്ഡാര്‍ക്കര്‍ക്ക് ഒരു സിനിമ നിര്‍മിക്കാനാവശ്യമായ അറിവ് തന്നെക്കുറിച്ചുണെ്ടന്നു ഈ വാര്‍ത്തയ്ക്കു മറുപടിയായി മനീഷ പറഞ്ഞു.

Advertisement