കൊച്ചി: ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയിട്ടുണ്ടെന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തില്‍ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

കേസില്‍ മറുപടി നല്‍കാന്‍ ഡി.ജി.പി സാവകാശം തേടിയതിനാലാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്. അതേസമയം സെക്രട്ടറി സ്ഥാനത്തു നിന്ന് എം.എം.മണിയെ നീക്കിയ പശ്ചാത്തലത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാനായി ജില്ലാ കമ്മിറ്റി 14ന് യോഗം ചേരും.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തിലാവും യോഗം. മണിയെ മാറ്റരുതെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യം തള്ളിയാണ് സംസ്ഥാന നേതൃത്വം അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.