Categories

എസ്.എം.എസ് വിവാദം: മാണി അന്വേഷിക്കും

k-m-maniകോട്ടയം: എസ്.എം.എസ് വിവാദത്തില്‍ കേരള കോണ്ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് താന്‍ അന്വേഷണം നടത്തുമെന്ന് കെ.എം മാണി. ‘എസ്.എം.എസ് വിവാദം മാധ്യമങ്ങളില്‍ വാര്‍ത്തയായി കണ്ടു. അതില്‍ പാര്‍ട്ടിയിലെ നേതാക്കള്‍ ഉണ്ടെന്നും ഇല്ലെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വസ്തുനിഷ്ഠമായ ഒരു തെളിവും പാര്‍ട്ടിക്ക് മുന്നില്‍ വന്നിട്ടില്ല. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.

എസ്.എം.എസ് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ നേതാക്കളുമായി ഞാന്‍ അനൗദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയോഗത്തില്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചയൊന്നും ഉണ്ടായില്ല. ഈ വിവാദത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ യോഗം പാര്‍ട്ടി ചെയര്‍മാനായ എന്നെ ചുമതലപ്പെടുത്തി.’ മാണി പറഞ്ഞു. പാര്‍ട്ടിയിലുള്ള ഏതെങ്കിലും നേതാക്കളെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി അതിനെ ചെറുക്കുമെന്നുംമാണി കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ പി.സി.ജോര്‍ജ്ജും പി.ജെ ജോസഫും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ.എം മാണി പറഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ധനവിനിയോഗ ബില്ലില്‍ വോട്ട് ചെയ്യാതെ മാറി നിന്നിട്ട് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന പ്രതിപക്ഷത്തിന്റെ പ്രചരണം അപഹാസ്യമാണ്. വികസനോന്മുഖവും ജനപ്രിയവുമായ ബജറ്റ് പ്രതിപക്ഷത്തെ നിരായുധരാക്കി. അതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് ഇപ്പോഴത്തെ ഈ പ്രഹസനം. ഈ സര്‍ക്കാരിനുമേല്‍ 5064 കോടിയുടെ അധികബാധ്യത അടിച്ചേല്‍പ്പിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ പോയത്. അതാണ് ധവളപത്രത്തില്‍ പറഞ്ഞത്. അതിനു മറുപടി പറയാതെയാണ് മുന്‍ ധനമന്ത്രിയും പ്രതിപക്ഷവും ഇറങ്ങിപ്പോയത്. മാണി കുറ്റപ്പെടുത്തി.

റബ്ബര്‍ വിള കൃഷിയല്ല എന്ന വാദം ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഈ വാദമുന്നയിച്ചു സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ഈ കേസില്‍ കേരളസര്‍ക്കാര്‍ കക്ഷി ചേരാനും റബ്ബര്‍ കാര്‍ഷികവിളയാണെന്നു വാദിക്കാനും കൃഷി മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മാണി പറഞ്ഞു.

ഇറക്കുമതിചുങ്കം കുറച്ചുകൊണ്ടു റബര്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും കേരളാ കോണ്ഗ്രസ് ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.