എഡിറ്റര്‍
എഡിറ്റര്‍
മണിരത്‌നത്തിന്റെ ‘കടല്‍’ ഫെബ്രുവരി ഒന്നിന്
എഡിറ്റര്‍
Monday 21st January 2013 12:29pm

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണിരത്‌നത്തിന്റെ കടല്‍ ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും. രണ്ട് പുതുമുഖങ്ങളാണ് മണിരത്‌നത്തിന്റെ ‘കടല്‍’ കടന്നെത്തുന്നത്. മുന്‍കാല നടീനടന്മാരായ കാര്‍ത്തിക്കിന്റേയും രാധയുടേയും മക്കളാണ് ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറുന്നത്.

Ads By Google

കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കും രാധയുടെ മകള്‍ തുളസി നായരുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍. തുളസിയുടെ ചേച്ചി കാര്‍ത്തിക ഇന്ന് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായികയാണ്.

ഭാരതി രാജ സംവിധാനം ചെയ്ത ‘അലൈകള്‍ ഓയ്‌വതില്ലൈ’ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക്കും രാധയും ആദ്യമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.  ഇപ്പോള്‍ ഇരുവരുടേയും മക്കളും മറ്റൊരു പ്രണയ ചിത്രത്തിലൂടെ സിനിമയിലെത്തുകയാണ്.

മണിരത്‌നത്തിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനായതിന്റെ ത്രില്ലിലാണ് ഗൗതം. അദ്ദേഹത്തിന്റെ കൂടെയുള്ള ഓരോ നിമിഷവും ഓരോ അനുഭവങ്ങളാണെന്നും ഗൗതം പറയുന്നു.

ചിത്രത്തിന് വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ഇരുവരും നടത്തിയത്. കടല്‍ പശ്ചാത്തലമാക്കിയെടുത്ത ചിത്രത്തിനായി ആറുമാസത്തോളമുള്ള തയ്യാറെടുപ്പുകളാണ് ഗൗതം  നടത്തിയത്.

സാമന്തയായിരുന്നു ചിത്രത്തില്‍ ആദ്യമായി നായികയായി എത്തിയത്. പിന്നീട് സാമന്ത ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ തുളസിക്ക് നറുക്ക് വീഴുകയായിരുന്നു. ഇവരെ കൂടാതെ പഴയകാല മണിരത്‌നം ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അരവിന്ദ സ്വാമിയും ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുന്നുണ്ട്.

വൈരമുത്തുവാണ് ചിത്രത്തിലെ ഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എ.ആര്‍ റഹ്മാന്റെതാണ് സംഗീതം. മലയാളിയായ രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

തമിഴിന് പുറമേ തെലുങ്കിലും ചിത്രം എത്തുന്നുണ്ട്.

Advertisement