ഇംഫാല്‍: 2017ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നോമിനേഷന്‍ നാമനിര്‍ദേശ പത്രിക മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള പോയത് സൈക്കിളില്‍. 20 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ സഞ്ചരിച്ചാണ് ഇറോം ശര്‍മ്മിള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

തൗബല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ശര്‍മ്മിള മത്സരിക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രാം ഇബോബി സിങ്ങിനെതിരെയാണ് ശര്‍മ്മിള മത്സരിക്കുന്നത്.

Subscribe Us:

പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് സ്ഥാനാര്‍ത്ഥിയായാണ് ഇറോം ശര്‍മ്മിള നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇതാദ്യമായാണ് പി.ആര്‍.ജി.എ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

അടുത്തിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി തനിക്ക് 36കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി ഇറോം ശര്‍മ്മിള രംഗത്തെത്തിയിരുന്നു.

മണിപ്പൂരിലെ സായുധസേന പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16വര്‍ഷമായി നിരാഹാര സമരം നടത്തിയ ഇറോം ശര്‍മ്മിള ഈയടുത്തകാലത്താണ് സമരം അവസാനിപ്പിച്ചത്.

മാര്‍ച്ച് നാലിനും മാര്‍ച്ച് എട്ടിനുമായി രണ്ടുഘട്ടങ്ങളിലായാണ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. മാര്‍ച്ച് 11നാണ് ഫലം പ്രഖ്യാപിക്കുക.