മെല്‍ബണ്‍: കലാഭവന്‍ മണിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന പരിപാടിയ്‌ക്കെതിരെ ഓസത്രേലിയന്‍ മലയാളികള്‍ രംഗത്തെത്തി. കനത്ത പ്രതിഫലം വാങ്ങി നടത്തിയ പരിപാടികള്‍ അവതരിപ്പിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പരിപാടിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സംഘടനാ യോഗത്തില്‍ കലാഭവന്‍ മണിയ്‌ക്കെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് പരാതി നല്‍കാനും തീരുമാനമായി.

മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയന്‍ പ്രൊവന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടത്തിയ മണികിലുക്കം 2010 സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്. നവംബര്‍ 12 മുതല്‍ പതിനാല് വരെയാണ് ഈ പരിപാടി അരങ്ങേറിയത്. ഓസ്‌ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്. ഇതില്‍ മെല്‍ബണിലെ ക്രിസ്‌ബോ സെര്‍ബിയന്‍ ഹാളില്‍നടന്ന പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

മണിയ്ക്കുപുറമേ നടി നിത്യാദാസ്, മനോജ് ഗിന്നസ്, ഗായിക മനീഷ, ജാഫര്‍ ഇടുക്കി, ഗായകന്‍ സോമദാസ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.