എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച് വിട്ടയച്ചതിന് ശേഷം സുനി ആസൂത്രകനുമായി ഫോണില്‍ സംസാരിച്ചെന്ന് മണികണ്ഠന്‍
എഡിറ്റര്‍
Thursday 23rd February 2017 8:16am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാളായ മണികണ്ഠന്റെ മൊഴികളില്‍ നിന്നും ആസൂത്രകനെ കുറിച്ച് കൂടുതല്‍ സൂചന. ആക്രമണത്തിന് ശേഷം കേസിലെ മുഖ്യപ്രതിയായ സുനി ആരെയോ ഫോണില്‍ വിളിച്ച് നടന്ന കാര്യങ്ങള്‍ വിവരിക്കുകയും പണത്തിന്റെ കാര്യം പറയുകയും ചെയ്തുവെന്ന് മണികണ്ഠന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവ ദിവസം രാത്രി അങ്കമാലിക്കു സമീപം നടി സഞ്ചരിച്ച കാര്‍ തടഞ്ഞു ബലപ്രയോഗത്തിലൂടെ അതില്‍ കയറിയ മണികണ്ഠനും സംഘവും നടിയുമായി നഗരത്തിലെത്തിയതിന് ശേഷമാണ് സുനി കാറില്‍ കയറി നടിയെ ആക്രമിച്ചതെന്ന് മണികണ്ഠന്‍ വെളിപ്പെടുത്തി.

വാഹനത്തിനുള്ളില്‍ വച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കാണിച്ചു നടിയെ ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടാമെന്നാണു സുനി കൂട്ടാളികളോടു പറഞ്ഞിരുന്നത്. എന്നാല്‍ നടിയെ വിട്ടയച്ചതിന് ശേഷം മറ്റൊരു വാഹനത്തില്‍ മടങ്ങവെ സുനില്‍ ആരെയോ വിളിച്ചു സംഭവം വിവരിക്കുന്നതിനിടയില്‍ പണത്തിന്റെ കാര്യവും സംസാരിച്ചുവെന്നും അതിന് ശേഷം മണികണ്ഠനോട് രാവിലെ തമ്മനത്തെ ഫ്‌ളാറ്റില്‍ എത്താന്‍ പറഞ്ഞതിന് ശേഷം പിരിയുകയായിരുന്നുവെന്നും മണികണ്ഠന്‍ വെളിപ്പെടുത്തി.

നടിയുടെ മുന്‍ഡ്രൈവറാണ് സുനിയെന്ന പ്രചരണം ശരിയല്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായും പൊലീസ്. ഇപ്പോള്‍ നടി അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഗോവയില്‍ നടക്കുമ്പോഴാണ് നിര്‍മ്മാണ കമ്പനി ഇയാളെ ഡ്രൈവറായി നിയോഗിച്ചത്. നേരത്തെ ഡ്രൈവറായി നിശ്ചയിച്ചിരുന്ന ആള്‍ പിന്മാറിയതിനാലാണ് സുനിയെ നിയോഗിക്കുന്നത്.

എന്നാല്‍ നടിയുടെ ഡ്രൈവറാകാനുള്ള അവസരം സുനി ഉപേക്ഷിക്കുകയും മാര്‍ട്ടിനെ നിര്‍ദ്ദേശിക്കുകയുമായിരുന്നു. അതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തിന്റെ ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്നയാളുമായി സുനി സംസാരിച്ച മൊബൈല്‍ ഫോണല്ല അഭിഭാഷകന്‍ വഴി പിറ്റേന്നു കോടതിയില്‍ സമര്‍പ്പിച്ചതെന്ന് മണികണ്ഠന്റെ മൊഴിയില്‍ നിന്നും വ്യക്തമായതായി പൊലീസ് പറയുന്നു. സുനിയേയും തലശ്ശേരി സ്വദേശിയായ വിജീഷിനേയുമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.

Advertisement