Administrator
Administrator
ഭരണഘടനയെ വെല്ലുവിളിച്ച് മാണിയുടെ പ്രസംഗം; വിവാദം
Administrator
Tuesday 13th December 2011 1:25pm

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണഘടനയെ വെല്ലുവിളിച്ച് മന്ത്രി കെ.എം മാണി നടത്തിയ പ്രസംഗം വിവാദമാകുന്നു. കേരളത്തിന്റെ അഖണ്ഡത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഭരണഘടനയും ധര്‍മ്മവും പരിഗണിക്കേണ്ടതില്ലെന്നാണ് മാണി പ്രസംഗിച്ചത്.’ തെക്കന്‍ അമേരിക്കയില്‍ ചില പ്രദേശങ്ങള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ശ്രമിച്ചപ്പോള്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ അവരെ യുദ്ധം ചെയ്ത് കീഴ്‌പ്പെടുത്തുകയായിരുന്നു ചെയ്തത്. മുല്ലപ്പെരിയാര്‍ ഇപ്പോള്‍ കേരളത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന വിഷയമായി മാറിയിരിക്കയാണ്. കേരളത്തില്‍ അതൊരു സെക്യൂരിറ്റി ഭീഷണിയായി വന്നിരിക്കുന്നു. അഖണ്ഡത ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഏതറ്റം വരെയും പോകാം. ഭരണഘടനയും നിയമവും ധര്‍മ്മവും അതില്‍ തടസ്സമല്ല’- ഇതായിരുന്നു മാണിയുടെ പ്രസ്താവന.

മാണിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും രംഗത്തെത്തി. മാണിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഭരണഘടനയെ വെല്ലുവിളിച്ച മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. ഭരണഘടയെ വെല്ലുവിളിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് മാണി പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ മുല്ലപ്പെരിയാര്‍ വിഷയം പത്ത് ദിവസത്തിനുള്ളില്‍ പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം സമര രീതികള്‍ മാറുമെന്നും മാണി വ്യക്തമാക്കിയിരുന്നു.

Malayalam news, Kerala news in English

Advertisement