എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ എം.പിമാര്‍ മൃഗങ്ങളെ പോലെ പെരുമാറുന്നു: മണി ശങ്കര്‍ അയ്യര്‍
എഡിറ്റര്‍
Friday 30th November 2012 9:41am

ന്യൂദല്‍ഹി: ചില്ലറമേഖലയിലെ വിദേശനിക്ഷേപത്തെ ചൊല്ലി പ്രതിപക്ഷ എം.പി നടത്തുന്ന പ്രകടനങ്ങള്‍ കാണുമ്പോള്‍ മൃഗങ്ങളെ ഓര്‍ത്തുപോകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാര്‍ലമെന്റില്‍ വിദേശ നിക്ഷേപത്തെ ചൊല്ലി സര്‍ക്കാരും പ്രതിപക്ഷങ്ങളും തമ്മിലുണ്ടായ വാഗ്വാദത്തേയാണ് മണി ശങ്കര്‍ പ്രതിപ്ക്ഷത്തെ മൃഗങ്ങളോട് ഉപമിച്ചത്.

Ads By Google

‘ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ മാന്യമായ വഴികളുണ്ട്. എന്നാല്‍ എം.പിമാരുടെ പെരുമാറ്റങ്ങള്‍ കാണുമ്പോള്‍ കിണറിനകത്ത് വീണ മൃഗങ്ങളുടെ കരച്ചിലാണ് ഓര്‍മവരുന്നത്.’ എന്നായിരുന്നു മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം.

കഴിഞ്ഞ ദിവസം വിദേശ നിക്ഷേപത്തെ ചൊല്ലി പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ ബഹളവും തുടര്‍ന്ന് ഇരു സഭകളിലും വിഷയം വോട്ടോടുകൂടി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മണി ശങ്കര്‍ അയ്യരുടെ പരാമര്‍ശം.

അതേസമയം, മണി ശങ്കറുടെ പരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഡിസംബര്‍ 4,5 തീയ്യതികളിലായാണ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വെച്ചിരിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥും ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമായി സ്പീക്കര്‍ മീര കുമാര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് തീരുമാനമായത്.

വോട്ടെടുപ്പോടുകൂടിയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വിസമ്മതിച്ചതോടെ നാലാം ദിവസവും സഭ സ്തംഭിച്ചിരുന്നു. പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് ചര്‍ച്ച അനുവദിക്കണമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് സുഷമസ്വരാജിന്റെ ആവശ്യം സ്പീക്കര്‍ മീര കുമാര്‍ അംഗീകരിക്കുകയായിരുന്നു.
യു.പി.എ ഘടകകക്ഷിയായ ഡി.എം.കെയുടെ പിന്തുണ വിഷയത്തില്‍ ഉറപ്പായതോടെയാണ് വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കുമെന്നും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗതറോയ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement