benezirന്യൂദല്‍ഹി: കാശ്മീര്‍ പ്രശ്‌നം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ തനിക്കായില്ലെന്ന് 1996 ല്‍ ബേനസീര്‍ ഭൂട്ടോ സമ്മതിച്ചിരുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു. ബേനസീര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ശക്തമായ ഒരു ബന്ധത്തിന് അത് സഹായമാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ രണ്ടാമതും പാകിസ്ഥാന്റെ പ്രധാന മന്ത്രിയായാലും തനിക്ക് ഇന്ത്യ-കാശ്മീര്‍ പ്രശ്‌നത്തില്‍ കാര്യമായി ഒന്നും ചെയ്യാനാകുമായിരുന്നില്ലെന്ന് ഭൂട്ടോ തന്നോട് പറഞ്ഞതായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറായിരുന്ന മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനുമായി ഉടമ്പടിയുണ്ടാക്കുക എന്ന് വെച്ചാല്‍ അത് ഏതെങ്കിലും ഒരു കാര്യത്തിലല്ല, ഇരു രാജ്യങ്ങളെയും ഗ്രസിച്ചിരിക്കുന്ന എല്ലാത്തിനും പരിഹാരമുണ്ടാക്കാന്‍ കഴിയണമെന്നും പഴയ നയതന്ത്ര പ്രതിനിധി പറയുന്നു.