ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിക്കുമ്പോള്‍ അഭ്യന്തരമന്ത്രിയായിരിക്കെ എല്‍.കെ അദ്വാനി അന്നത്തെ പാക് ഹൈക്കമ്മീഷണര്‍ ജെഹാംഗീര്‍ ഖ്വാസിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയാവുന്നു.

2000ത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഖ്വാസിയുമായി അദ്വാനി 20 തവണയാണ് രഹസ്യമായി സംസാരിച്ചത്. മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറാണ് അദ്വാനിയ്ക്ക് പാക് ഹൈക്കമ്മീഷണറെ കാണാന്‍ അവസരമൊരുക്കിയിരുന്നത്. തന്റെ പുസ്തകമായ ‘മൈ കണ്‍ട്രി മൈ ലൈഫ്’ എന്ന പുസ്തകത്തിലും 2006ല്‍ കരണ്‍ ഥാപ്പറിന്റെ ഒരു പുസ്തക പ്രകാശന ചടങ്ങിലും അദ്വാനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

 

2002ല്‍ കശ്മീരിലെ കലുചക്കില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ജെഹാംഗീര്‍ ഖ്വാസിയോട് രാജ്യം വിടാന്‍ വാജ്‌പേയി സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയത്തായിരുന്നു അദ്വാനി അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ദല്‍ഹിയിലെ പണ്ടാറ റോഡിലുള്ള അദ്വാനിയുടെ വസതിയില്‍ വെച്ച് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സഹായത്തോടെയായിരുന്നു കൂടിക്കാഴ്ചയെന്ന് 2008ല്‍ കരണ്‍ ഥാപ്പര്‍ ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയിരുന്നു.

കരണ്‍ ഥാപ്പറാണ് ഖ്വാസിയെ അദ്വാനിയുടെ വീട്ടിലെത്തിച്ചത്. പാക് പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചകള്‍ അദ്വാനിയുടെ അടുത്ത അനുയായികള്‍ക്ക് പോലും അറിയില്ലായിരുന്നു.

പാക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്നാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചനായ മനുഷ്യനെന്ന് വിളിച്ചതെന്ന് മോദി ആരോപിച്ചിരുന്നു. എന്നാല്‍ മോദിയുടെ ആരോപണങ്ങളിവല്‍ കഴമ്പില്ലെന്ന് വിരുന്നിലുണ്ടായിരുന്ന മുന്‍ അംബാസഡര്‍ എം.കെ ഭദ്രകുമാറും പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരിയും പറഞ്ഞിരുന്നു.