ന്യൂദല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കാനിടയായതില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഉത്തരവാദിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. റാവു ഓഫീസിലുണ്ടായിരുന്ന സമയത്താണ് മസ്ജിദ് തകര്‍ത്തത്. കോണ്‍ഗ്രസിന്റെ മതേനിരപേക്ഷ ചിന്താഗതിയോട് റാവുവിന് എതിര്‍പ്പുണ്ടായിരുന്നെന്നും അയ്യര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ബാബറി മസ്ജിദിന് സംഭവിച്ച തകര്‍ച്ചയുടെ ഒരേയൊരു കാരണക്കാരന്‍ നരസിംഹറാവുവാണ്. ഇതാണ് നമ്മുടെ രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. ഇത് പ്രശ്‌നങ്ങളുണ്ടാക്കിയത് കേരളത്തിലെ ഇടത് വലതു പാര്‍ട്ടികളിലല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ സ്വഭാവത്തെയാണ് മാറ്റിമറിച്ചത്. ഇപ്പോള്‍ നമ്മുടേതൊരു മതനിരപേക്ഷ രാജ്യമാണോ?’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe Us:

ഇന്ത്യ ഹിന്ദുരാജ്യമാണെന്നായിരുന്നു റാവു വിശ്വസിച്ചിരുന്നത്. റാം റഹിം യാത്രയ്ക്കിടെ മതേതരത്വത്തിന്റെ അര്‍ത്ഥം തനിക്കറിയില്ലെന്ന് റാവും തന്നോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു അഭയസ്ഥലമാണ്. ആളുകള്‍ക്കിവിടേക്ക് തോന്നിയതുപോലെ വരികയും പോകുകയും ചെയ്യാം. എങ്കിലും അതിന്റെ വൈവിധ്യത്തില്‍ അഭിമാനമുണ്ടെന്നും അയ്യര്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ച്ചയുടെ ഉത്തരവാദിത്തം നരസിംഹറാവുവിന്റെ ചുമലില്‍ കെട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ് എന്നും ശ്രമിച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിലെ ആരും അന്നത്തെ മന്ത്രിസഭയിലില്ലാത്തതിനാലാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഇത്തരം ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയും വിലയിരുത്തപ്പെടുന്നത്.