എഡിറ്റര്‍
എഡിറ്റര്‍
മണി പറഞ്ഞതനുസരിച്ച്‌ സി.പി.ഐ.എം കൊന്നവര്‍ ഇവര്‍
എഡിറ്റര്‍
Sunday 27th May 2012 9:34am

ഇടുക്കി: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തിലൂടെ വെളിച്ചത്തുവരുന്നത് നാല് രാഷ്ട്രീയ കൊലപാതകക്കേസുകള്‍. കോണ്‍ഗ്രസ് നേതാക്കളായിരുന്ന ബാലു, അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനു പങ്കുണ്ടെന്ന സൂചനയാണു മണിയുടെ പ്രസംഗത്തിലൂടെ ലഭിക്കുന്നത്.

ഈ നാലുകേസുകളില്‍ ബാലു വധക്കേസില്‍ മാത്രമാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ബാലുവിന്റെ ഡ്രൈവര്‍ ബാബു പോളിന്റെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ബാലുവിനോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സണ്ണി ജേക്കബ്, ശങ്കര്‍ എന്നിവര്‍ വിചാരണയ്ക്കിടെ കൂറുമാറി. ഇവര്‍ ഇപ്പോള്‍ സി.പി.എം. പ്രവര്‍ത്തകരാണ്.

മറ്റുള്ള കേസുകള്‍ എങ്ങുമെത്തിയില്ല. തെളിവില്ലാത്തതാണെന്നും അതല്ല, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തേച്ചുമായ്ച്ചു കളയുകയായിരുന്നെന്നും ആരോപണമുണ്ട്. ബാലു വധക്കേസില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും ആക്ഷേപമുണ്ട്.

2004 ഒക്‌ടോബര്‍ 20 നാണ് പട്ടുമല ചൂളപ്പുരത്ത് ഐ.എന്‍.ടി.യു.സിയുടെ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ രാത്രി ഏഴോടെ ജീപ്പിലെത്തിയ അക്രമിസംഘം ബാലുവിനെ വെട്ടിവീഴ്ത്തിയത്. വണ്ടിപ്പെരിയാറിലെ സി.പി.എം. നേതാവ് അയ്യപ്പദാസ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബാലുവാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.  അയ്യപ്പദാസിന്റെ മരണത്തിന് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ബാലുവിന്റെ വധം. ഈ കേസില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സാബു, പശുമല ലോക്കല്‍ സെക്രട്ടറി അജിത്, വാളാര്‍ഡി ലോക്കല്‍ സെക്രട്ടറി എം.കെ. മോഹനന്‍, അജയഘോഷ്, ബിജു, ബെന്നി, രാജപ്പന്‍ എന്നിവരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

സി.പി.ഐ.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെയാണ് മുട്ടുകാട് നാണപ്പന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ ഏറ്റുമുട്ടല്‍ പതിവായിരുന്ന 1983 കാലയളവിലാണ് ഈ കൊലപാതകം നടന്നത്. ജൂണ്‍ ആറിന് മുട്ടുകാട് ടൗണില്‍ ചിലര്‍ ചേരിതിരിഞ്ഞു പോരടിക്കുകയായരുന്നു. പ്രാദേശിക തലത്തില്‍ മികച്ച നേതൃപാടവം കാഴ്ചവച്ചിരുന്ന കോണ്‍ഗ്രസുകാരനായ നാണപ്പന്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റാണു മരിച്ചത്. ഈ കേസും എങ്ങുമെത്തിയില്ല.

കുളപ്പനച്ചാല്‍ മുള്ളന്‍ചിറ മത്തായിയെ 1983 ജനുവരി 15 ന് കുറുവടികളും തൂമ്പാക്കൈയും ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. നേരത്തേ സി.പി.ഐ.എമ്മിലായിരുന്ന ഇയാള്‍ യൂണിയന്‍ പ്രശ്‌നങ്ങള്‍ മൂലമാണു സി.പി.ഐ.എം വിട്ട് കോണ്‍ഗ്രസിലെത്തിയത്. പന്നിപ്പടക്കമെറിഞ്ഞു കൊല്ലാനുള്ള ശ്രമം വിഫലമായതോടെ ഇരുപതോളം പേര്‍ ഒളിച്ചിരുന്ന് ചാടിവീണു തല്ലിക്കൊല്ലുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഈ കേസും തള്ളിപ്പോയി.

1982 നവംബര്‍ 13 നാണു മേലേ ചെമ്മണ്ണാര്‍ അഞ്ചേരി ബേബി (25)യെ ഏലക്കാടിനുള്ളിലെ വഴിയില്‍ വെടിവെച്ചാണ് കൊന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം കഴിഞ്ഞ് രാത്രിയില്‍ തനിച്ചു വീട്ടിലേക്കു പോകുമ്പോഴാണു വെടിയേറ്റത്. ദൃക്‌സാക്ഷികളും തെളിവുകളും ഇല്ലെന്ന കാരണത്താല്‍ തന്നെ കേസ് തള്ളിപ്പോയി.

Advertisement