എഡിറ്റര്‍
എഡിറ്റര്‍
സഹകരിക്കുന്നത് മുന്നണിമാറ്റമല്ല: പ്ലീനത്തില്‍ മാണി
എഡിറ്റര്‍
Thursday 28th November 2013 8:41pm

k.m-mani.

പാലക്കാട്: പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നത് കൂറുമാറ്റമോ മുന്നണി മാറ്റമോ അല്ലായെന്ന് ധനകാര്യമന്ത്രി കെ.എം. മാണി. പാലക്കാട് നടക്കുന്ന സി.പി.ഐ.എം പാര്‍ട്ടി പ്ലീനവേദിയില്‍ സാമ്പത്തിക സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എം യോഗത്തില്‍ പ്രസംഗിച്ചത് കൊണ്ട് തനിക്ക് മനംമാറ്റമുണ്ടായി എന്നല്ല അര്‍ത്ഥം.  ജനങ്ങള്‍ക്ക് വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എപ്പോഴും കേരളാ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ അതിന്റെ അര്‍ത്ഥം ഞങ്ങള്‍ കൂട്ടുകൂടും എന്നല്ലെന്നും മാണി പറഞ്ഞു.

പ്രതിപക്ഷം എല്ലാത്തിനോടും പുറം തിരിഞ്ഞ് നില്‍ക്കരുതെന്നും മാണി ആവശ്യപ്പെട്ടു. ഭരണപക്ഷത്തിന് ക്രിയാത്മകമായ പിന്തുണ പ്രതിപക്ഷം  നല്‍കണം. കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി യോജിപ്പ് ആകാമെന്നും മാണി പറഞ്ഞു.

വ്യവസായികളെ തടയുന്ന തൊഴിലാളി സമരങ്ങള്‍ പാടില്ലെന്നും സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കൂടരുതെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ നയരൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഉല്‍പ്പാദനക്ഷമത ഉയര്‍ത്താന്‍ പുതിയ നിക്ഷേപ, വ്യവസായ നയം വേണം. എന്നാല്‍ അത് അധ്വാനവര്‍ഗ്ഗത്തെ സഹായിക്കാന്‍ കഴിയുന്ന നയമായിരിക്കണമെന്നും മാണി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 40 ശതമാനമായെങ്കിലും ഉയര്‍ത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement