തിരുവനന്തപുരം: നെല്ലിയാമ്പതി വിഷയം പരിശോധിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച സമതിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും എം.എം. ഹസന്‍ രാജിവെച്ചത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്ന് മാണി ഗ്രൂപ്പ്.

Ads By Google

എത്രയും പെട്ടന്ന് ഹസന്റെ പകരക്കാരനെ നിയമിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും കമ്മറ്റിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ പാടില്ലെന്നും മാണിഗ്രൂപ്പ് നേതൃയോഗം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തിനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ചീഫ്‌ വിപ്പ് പോലുള്ള ഒരു സ്ഥാനത്തിരുന്ന് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് നെല്ലിയാമ്പതി പ്രശ്‌നത്തിന്റെ ഗൗരവം കെടുത്തിയതായാണ് പി.സി. ജോര്‍ജിനെതിരെ ഉയര്‍ന്ന വിമര്‍ശനം.

നെല്ലിയാമ്പതിയില്‍ കുടിയേറിയ കര്‍ഷകരെ നിയമവിരുദ്ധമായി കുടിയിറക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ പാര്‍ട്ടി നേതാക്കളായ കെ.എം. മാണിയും പി.ജെ. ജോസഫും നേരില്‍ കണ്ട് ധരിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.

വി.ഡി. സതീശന്റെയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ യുവ എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത് ശരിയായില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.