കോട്ടയം: തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നത് വൈകും. പത്തനംതിട്ടയിലെ സീറ്റുകളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളാണ് സീറ്റുവിഭജനത്തിലെ കീറാമുട്ടിയായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടിക ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമെന്നും അന്തിമപട്ടിക കോണ്‍ഗ്രസുമായി നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം മാത്രമേ ഉണ്ടാകൂ എന്നും കെ.എം.മാണി പറഞ്ഞു.

ചില സീറ്റുകള്‍വെച്ചുമാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടക്കുന്നുണ്ടെന്നും ഇതില്‍ ധാരണയാകുമെന്നാണ് പ്രതീക്ഷയെന്നും മാണിപറഞ്ഞു. അതിനിടെ തിരുവല്ല സീറ്റിനെക്കുറിച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മണ്ഡലത്തിലെ പാര്‍ട്ടിഭാരവാഹികളെ വിളിപ്പിച്ച് ഹിതപരിശോധന നടത്തിയിട്ടുണ്ട്.

ഇന്ന് നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ഹിതപരിശോധനയുടെ ഫലം വിശകലനം ചെയ്യുമെന്നും കെ.എം മാണി പറഞ്ഞു.