തിരുവനന്തപുരം: വാറ്റ് ഉന്നതാധികാര സമിതി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മന്ത്രി കെ.എം മാണി കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തെഴുതി. 10 പേജ് വരുന്ന ബയോഡാറ്റയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

40 വര്‍ഷം നിയമസഭാംഗം, എട്ടുതവണ ബജറ്റ് അവതരിപ്പിച്ചു, പ്ലാനിംങ് ബോര്‍ഡ് അംഗം തുടങ്ങിയ കാര്യങ്ങള്‍ ബയോഡാറ്റയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മകന്‍ ജോസ് കെ. മാണി ലോക്‌സഭാംഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ബംഗാള്‍ മുന്‍ ധനമന്ത്രി അസിംദാസ് ഗുപ്തയായിരുന്നു വാറ്റ് ചെയര്‍മാന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്ത പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു കേന്ദ്ര സര്‍ക്കാര്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മൂഡിയുടെ പേര് പരിഗണനയിലുണ്ടായിരുന്നു എന്നാല്‍ അദ്ദേഹം പിന്‍മാറി. മാണിക്കുപുറമേ ബംഗാള്‍ ധനമന്ത്രി അമിത് മിശ്രയുടെ പേരും ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

സംസ്ഥാന ധനമന്ത്രിമാരുടെ സമതിയാണു വാറ്റ് ഉന്നതാധികാര സമിതി. ജൂലൈ 18നാണ് സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കുക. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയാണ് ചെയര്‍മാനെ തീരുമാനിക്കുന്നത്.

കഴിഞ്ഞ ദല്‍ഹി സന്ദര്‍ശനവേളയില്‍ പ്രണബ്മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലും മാണി ഇക്കാര്യം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.