ന്യൂദല്‍ഹി: മംഗലാപുരം വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ പിഴവാണെന്ന് അന്തിമ റിപ്പോര്‍ട്ട്. വിമാനത്തിന്റെ പ്രധാന പൈലറ്റ് യാത്രയ്ക്കിടെ ഒന്നര മണിക്കൂര്‍ ഉറങ്ങിയതായി കണ്ടെത്തി. ഇയാളുടെ കൂര്‍ക്കം വലി കോക്പിക് വോയ്‌സ് റെക്കോഡറില്‍ പതിഞ്ഞിട്ടുണ്ട്. യാത്രയ്ക്കിടെ ഉറങ്ങിയ പൈലറ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് ഉണര്‍ന്നത്.

കൂടാതെ കോപൈലറ്റ് വിമാനം നിലത്തിറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഫൈ്‌ളറ്റ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ സ്ലാട്‌കോ ഗ്ലൂസിക അവഗണിക്കുകയായിരുന്നു. കോ പൈലറ്റ് ക്യാപ്റ്റന്‍ എച്ച്. എസ് അലുവാലിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ വട്ടം കറങ്ങുക എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗ്ലൂസിക ഇതും അവഗണിച്ച് വിമാനം നിലത്തിറയ്ക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2.05മിനുറ്റുള്ള വോയ്‌സ് റെക്കോഡറില്‍ കോ-പൈലറ്റ് നല്‍കിയ മുന്നറിയിപ്പ് രേപ്പെടുത്തിയിട്ടുണ്ട്.

തെറ്റായ വിമാനപ്പാതയിലായിരുന്നു വിമാനമെന്ന് കോക്പിക് വോയ്‌സ് റെക്കോഡര്‍ വിശകലനത്തില്‍ വ്യക്തമാവുന്നു. 2010മെയ് 28നാണ് ദുബായിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നത്. അപകടത്തില്‍ 158പേര്‍ മരിച്ചിരുന്നു.