ബാംഗ്ലൂര്‍: നവംബര്‍ 13 ന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ സെര്‍ച്ച് പേജ് കണ്ടവര്‍ ഒരുനിമിഷം അതിശയിച്ചുപോയിക്കാണും. ‘വികസിക്കുന്ന ഇന്ത്യ’യെ പ്രതിനിധാനം ചെയ്യുന്ന പെയിന്റിംഗ് കൊണ്ട് ഗൂഗിളിനെ അന്ന് അണിയിച്ചൊരുക്കിയത് മാംഗ്ലൂരില്‍ നിന്നുള്ള 14 കാരന്‍ വിദ്യാര്‍ത്ഥിയായിരുന്നു- അക്ഷയ് രാജ്.

സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ് രാജ്. ഗൂഗിളിന്റെ ഹോംപേജ് അലങ്കരിക്കാനുള്ള മല്‍സരത്തില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത 108,000 ലധികം വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അക്ഷയ്.

‘എന്റെ സ്വപ്‌നത്തിലുള്ള ഇന്ത്യ’ എന്നതായിരുന്നു വിഷയം. ആദ്യഘട്ടത്തില്‍ 108,000 അപേക്ഷകള്‍ ഗൂഗിളിന് ലഭിച്ചു. ഇതില്‍ നിന്നും 9051 അപേക്ഷകള്‍ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. 90 ദിവസം നീണ്ട മാരത്തോണ്‍ ശ്രമത്തിനൊടുവില്‍ അക്ഷയ് രാജിന് നറുക്കുവീഴുകയായിരുന്നു.

ഗൂഗിള്‍ സെര്‍ച്ച് പേജ് ചിത്രങ്ങള്‍ നിര്‍മിക്കുന്ന ടെന്നിസ് ഹോംഗും ജെന്നിഫര്‍ ഹോമും മറ്റ് ചിത്രകാരന്‍മാരും ചേര്‍ന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ചെറുപ്പം മുതലേ ചിത്രരചനയില്‍ അക്ഷയ് രാജിന് താല്‍പ്പര്യമുണ്ടായിരുന്നു. ഏഴാംക്ലാസ് മുതലാണ് അക്ഷയ് ചിത്രരചന പഠിക്കാന്‍ തുടങ്ങിയത്.

ക്രിയേറ്റിവിറ്റി, തീം, ചിത്രരചനാ പാടവം എന്നിവ കണക്കിലെടുത്താണ് അക്ഷയ് രാജിന് ഗൂഗിളിനെ ഒരുക്കാന്‍ നറുക്ക് വീണത്. ലോകമെമ്പാടുമുള്ള കോടിക്കളക്കിന് വരുന്ന ഗൂഗിള്‍ സെര്‍ച്ച് ഉപയോക്താക്കള്‍ക്ക് മുന്നില്‍ തന്റെ രചനാപാടവം വെളിവാക്കാനുമുള്ള അവസരമാണ് അക്ഷയ് രാജിന് ഇതുവഴി ലഭിച്ചത്. തന്റെ സ്‌കൂളിനുവേണ്ടി 2 ലക്ഷം രൂപയുടെ ‘ടെക്‌നോളജി സ്റ്റാര്‍ട്ടര്‍ പാക്കേജ്’ നേടാനും അക്ഷയ് രാജിനു കഴിഞ്ഞു.