റഷീദ് പുന്നശ്ശേരി

ദുബൈ: മംഗലാപുരം വിമാന ദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പ്രധാനമന്ത്രിയെ കാണാന്‍ മലബാര്‍ പ്രവാസി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍വ കക്ഷി യോഗം തീരുമാനിച്ചു.

ദുരന്തം സംഭവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനായി സമീപിക്കുന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അധികൃതര്‍ ബുദ്ധമുട്ടിക്കുകയാണെന്ന് യോഗം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഖേദകരമായ ഒട്ടേറെ അനുഭവങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ വിതുമ്പലടക്കാനാകാതെ വിവരിച്ചു. ഇന്‍ഷുറന്‍സ് ഏജന്റിന്റെ ദയാവായ്പിന് അനുസരിച്ച് നഷ്ടപരിഹാര തുക നല്‍കുന്ന ദുരവസ്ഥക്ക് എത്രയും പെട്ടെന്ന് അറുതി വരുത്തേണ്ടതുണ്ടെന്നും ഇതിന് വേണ്ടി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രിയെ കാണാനും യോഗം തീരുമാനിച്ചു. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ മറ്റ് പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും യോഗം വ്യക്തമാക്കി.

എംപിസിസി പ്രസിഡന്റ് റഫീഖ് എരോത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് നീലാമ്പ്ര, രാജു മേനോന്‍, അഡ്വ.ബക്കര്‍ അലി പ്രസംഗിച്ചു. അഡ്വ.വൈ.എ.റഹീം, എം..ജി.പുഷ്പാകരന്‍, ബഷീര്‍ പടിയത്ത്, ഉബൈദ് ചേറ്റുവ, കരീം വെങ്കിടങ്ങ്, നാസര്‍ മാങ്കുളം, ചക്രപാണി തുടങ്ങിയവര്‍ സംബന്ധിച്ചു. മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു