courtകൊച്ചി: മംഗലാപുരം വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞ നഷ്ടപരിഹാരമായി 75 ലക്ഷം രൂപ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഹൈക്കോടതി വിധി നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാണിച്ച് എയര്‍ഇന്ത്യ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് നടപടി.

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു മാസത്തിനകം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. അപകടത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹരജിയിലായിരുന്നു വിധി.

2010 മെയ് 22നാണ് 158 പേരുടെ ജീവനെടുത്ത മംഗലാപുരം വിമാനദുരന്തം ഉണ്ടായത്. 166 യാത്രക്കാരുമായി ദുബൈയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുമ്പ് താഴ് വാരത്തില്‍ കത്തിയമര്‍ന്നത്.