എഡിറ്റര്‍
എഡിറ്റര്‍
ഒളിഞ്ഞിരുന്ന് തെറി പറയുന്ന ഒരുത്തനെയും വെറുതേ വിടില്ല; ആദ്യ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് ‘മംഗളത്തിന്റെ ന്യായീകരണ കോടതി’
എഡിറ്റര്‍
Tuesday 28th March 2017 8:08pm

 

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനമുന്നയിച്ച ആരെയും വെറുതേ വിടില്ലെന്ന് മംഗളം സി.ഇ.ഒ ആര്‍ അജിത്കുമാര്‍. മുന്‍ മന്ത്രി ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനലില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി പറയവേയാണ് അജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ ചാനലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തെത്തിയത്.


Also read ‘ആളു കുറഞ്ഞതോടെ അങ്കമാലി ഡയറീസ് കാണാന്‍ ബംഗാളികളെ പണം കൊടുത്തിറക്കി’; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി തിയ്യറ്റര്‍ ഉടമ


മംഗളം ടെലിവിഷനും മാധ്യമ ധാര്‍മ്മികതയുമെന്ന പേരില്‍ ചാനലിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയുവാനാണ് ചാനല്‍ സി.ഇ.ഒ അവതാരകനായി ചര്‍ച്ച നടത്തിയത്. വിവിധ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചാനല്‍ രംഗത്തെത്തിയത്.

പിണറായിയും ഇടത് മുന്നണിയും ഭരിക്കുന്ന സാഹചര്യമായതിനാല്‍ ഇത്തരം വാര്‍ത്ത പുറത്ത് വരികയാണെങ്കില്‍ വിഷയത്തില്‍ പെട്ടെന്ന് നടപടിയുണ്ടാകുമെന്ന് തങ്ങള്‍ക്കുറപ്പായിരുന്നെന്നും സര്‍ക്കാരിന്മേലുള്ള ആ വിശ്വാസത്തിന്റെ പുറത്താണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തെന്നും അജിത് കുമാര്‍ പറഞ്ഞു.


Dont miss Video:- ഇസ്‌ലാമോഫോബിയക്ക് പോപ്പിന്റെ മറുപടി; കുടിയേറ്റക്കാരനായ മുസ്‌ലിമിന്റെ വീട്ടില്‍ സന്ദര്‍ശനവുമായി പോപ് ഫ്രാന്‍സിസ്


 

മംഗളത്തിന്റെ റിപ്പോര്‍ട്ടിലെ പരാതിക്കാരിയെ വ്യക്തമല്ലെന്നും എഡിറ്റ് ചെയ്യപ്പെട്ട ഓഡിയോയാണെന്നും രണ്ടു പേരുടെ സ്വകാര്യതയിലേക്ക ഒളിഞ്ഞ് നോക്കിയ മാധ്യപ്രവര്‍ത്തനമാണ് ചാനല്‍ നടത്തിയതെന്നും ഉള്‍പ്പെടെ നിരവധി ചോദ്യങ്ങളായിരുന്നു ചാനലിന്റെ ആദ്യ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ഇതിന് മറുപടിയെന്നോണം ചാനല്‍ നടത്തിയ പരിപാടി സോഷ്യല്‍ മീഡിയയെ കുറ്റപ്പെടുത്തനാുള്ള വേദിയായാണ് ചാനല്‍ മേധാവി ഉപയോഗിച്ചത്.

ചാനലിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സോഷ്യല്‍ മീഡിയയെ വിമര്‍ശിക്കാനാണ് ചാനല്‍ മേധാവി കുടുതലും സമയം ചെലവഴിച്ചത്. ഒളിഞ്ഞിരുന്ന് തെറി പറയുന്നത് സോഷ്യല്‍ മീഡിയയുടെ സ്വഭാവമാണെന്നായിരുന്ന മംഗളം സി.ഇ.ഒയുടെ സോഷ്യല്‍ മീഡിയക്കെതിരായ ആദ്യ പരാമര്‍ശം.

ടെലഫോണ്‍ സംഭാഷണം ഏതാനം ദിവസങ്ങള്‍ക്ക മുമ്പ് നടന്നതാണെന്നും ഇത് ലേഖകന്‍ വഴിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും അജിത് പറഞ്ഞു. സ്ത്രീ സംഭാഷണത്തിന്റെ ഓഡിയോ ലേഖകനെ ഏല്‍പ്പിക്കുകയായിരുന്നു അവരുടെ ഐഡന്റിന്റി പുറത്ത് വിടാന്‍ കഴിയില്ലെന്നും അതിനാലാണ് പരാതിക്കാരി ആരെന്ന് വ്യക്തമാക്കാത്തതെന്നും അജിത് പറഞ്ഞു.

ഇത്രയേറെ ദൃശ്യ-പത്ര മാധ്യമങ്ങള്‍ ഉള്ളപ്പോള്‍ തുടങ്ങാനിരിക്കുന്ന ഒരു സ്ഥാപനത്തെ സ്ത്രീ എന്തു കൊണ്ടാണ് തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് അജിത് കുമാര്‍ പറഞ്ഞ മറുപടി മംഗളത്തെ സമീപിക്കാനുള്ള കാരണം അവരോട് ചോദിക്കണമെന്നായിരുന്നു. ഐശ്വരി റായി അഭിഷേകിനെ തന്നെ കല്ല്യാണം കഴിച്ചതിന്റെ കാരണം അവരോട് തന്നെ ചോദിക്കണ്ടേ എന്നുള്ള ഉപമയും അജിത് കുമാര്‍ നടത്തി.

എന്‍.സി.പി നേതാവും എം.എല്‍.എയുമായ തോമസ് ചാണ്ടിയെ വ്യക്തി പരമായി അറിയില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അജിത് കുമാര്‍ പറഞ്ഞു. ബിലീവേഴസ് ചര്‍ച്ച് നിയമ വിരുദ്ധമായി ഒരു പ്രവര്‍ത്തനം നടത്തുന്നില്ലെന്ന റിപ്പോര്‍ട്ട പുറത്ത് വന്നതിനെത്തുടര്‍ന്നാണ് ആ വാര്‍ത്തയ്ക്ക് പിന്നാലെ പോകാത്തതെന്നും അജിത് കുമാര്‍ ചാനലിന്റെ നിലപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ബിലീവേഴ്‌സ് ചര്‍ച്ച് നിയമ വിരുദ്ധമായി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഒരു തരത്തിലുള്ള നികുതി വെട്ടിപ്പുകളും നടത്തിയിട്ടില്ലെന്നും പറഞ്ഞ അജിത് കുമാര്‍ ആ വാര്‍ത്തയെ പിന്തുടരേണ്ടന്നത് തങ്ങളുടെ നിലപാടാണെന്നും വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ചാനലിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുകയും വാര്‍ത്തകളോട് സഭ്യമല്ലാത്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്ത ഒരാളെയും വെറുതെ വിടില്ലെന്ന് അജിത്കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്തെ ചില പ്രമാണിമാരും സോഷ്യല്‍ മീഡിയയുമാണ് ഇതിന് പിന്നില്ലെന്നും വിമര്‍ശകര്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും അജിത്ത്കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Advertisement