വാഹനാപകടത്തില്‍ പരുക്കേറ്റ് ജഗതി ആശുപത്രിയില്‍ കഴിയുന്ന സമയത്ത് അദ്ദേഹത്തിന് മറ്റൊരു മകള്‍ കൂടിയുണ്ടെന്ന് തങ്ങളോട് വെളിപ്പെടുത്തിയെന്ന് പറഞ്ഞ് മംഗളം വാരിക രംഗത്തുവന്നിരുന്നു. ജഗതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന സമയത്ത് ഇത്തരമൊരു റിപ്പോര്‍ട്ടുമായി രംഗത്തുവന്ന വാരിക ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മംഗളത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ജഗതിയുടെ മകളുടെ അഭിമുഖവുമായി മനോരമ വാരികയും രംഗത്തെത്തി. ശ്രീലക്ഷ്മിയുടെ വിശദാംശങ്ങളും മനോരമ പുറത്തുവിട്ടിരുന്നു.

ഇതൊക്കെയായിട്ടും ശ്രീലക്ഷ്മിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ശ്രീലക്ഷ്മി ജഗതിയുടെ ദത്തുപുത്രിയാണെന്ന റിപ്പോര്‍ട്ടുമായാണ് പുതിയ ലക്കം മംഗളം വാരിക വിപണിയിലെത്തിയിരിക്കുന്നത്. ജഗതിയുടെ മകള്‍ പാര്‍വ്വതിയാണ് ഇക്കാര്യം പറയുന്നത്.

ശ്രീലക്ഷ്മി ജഗതിയുടെ ദത്തുപുത്രിമാത്രമാണെന്നാണ്് പാര്‍വ്വതി മംഗളത്തോട് പറയുന്നത്. ജഗതിക്ക് അപകടം പറ്റിയതറിഞ്ഞ് ആശുപത്രിയിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് അദ്ദേഹത്തെ കാണാന്‍ അനുവാദം വാങ്ങിനല്‍കിയത് പാര്‍വ്വതിയുടെ വലിയ മനസാണെന്നും മംഗളം വ്യക്തമാക്കുന്നു.

എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ ജഗതിയും കലയെന്ന സ്ത്രീയും തമ്മിലുള്ള പരിചയം പ്രണയമായി വളരുകയും ഇവര്‍ പിന്നീട് വിവാഹിതരായെന്നുമാണ് മനോരമ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്ന് വ്യക്തമായത്. കലയുടെയും ജഗതിയുടെയും മകളാണ് ശ്രീലക്ഷ്മി. ജഗതിയുടെ നിര്‍ബന്ധപ്രകാരം ഇനിയും ഒരു കുരുക്ഷേത്രം എന്ന സിനിമയില്‍ കല അഭിനയിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ പറയുന്നു. പിന്നീട് ജഗതി അഭിനയിച്ച കിരീടം, ദശരഥം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നീ ചിത്രങ്ങളിലും കല അഭിനയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.