തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ഓഡിയോ ടേപ്പ് വിവാദത്തില്‍ വിശദീകരണവുമായി മംഗളം ചാനല്‍ രംഗത്ത്.

ആരുടെയും ഫോണ്‍ മംഗളം ചോര്‍ത്തിയിട്ടില്ലെന്നും ഒരു നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മാനെജിങ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ ആര്‍. അജിത്കുമാര്‍ പറയുന്നു.

ചാനലിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് അജിത് കുമാര്‍ പറയുന്നത്.

അപവാദ പ്രചാരണങ്ങള്‍ നടത്തിയ വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആക്ഷേപങ്ങള്‍ക്ക് ഇന്നുവൈകുന്നേരം ആറിന് മംഗളം ടിവിയില്‍ നടക്കുന്ന പരിപാടിയില്‍ മറുപടികള്‍ നല്‍കുമെന്നും അജിത്കുമാര്‍ പറയുന്നു. ഒരു വീട്ടമ്മ നല്‍കിയ ശബ്ദരേഖ മന്ത്രിയുടെതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം തങ്ങള്‍ സംപ്രേഷണം ചെയ്യുകയാണുണ്ടായതെന്നാണ് അജിത്കുമാര്‍ പറയുന്നത്.

അതേസമയം മംഗളത്തിന്റേത് ബ്ലാക്‌മെയിലിങ് മാധ്യമപ്രവര്‍ത്തനമാണെന്നും പോണോഗ്രഫി ജേണലിസമാണെന്നുമുള്ള വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വിഷയത്തില്‍ മുഖംരക്ഷിക്കാനുമുള്ള മംഗളം ചാനലിന്റെ നടപടി.


Dont Miss ആരെയും സഹായിക്കുന്നയാളാണ്; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയാല്‍ സ്വന്തം കയ്യില്‍ നിന്നെടുത്തുകൊടുക്കും: നിയുക്ത മന്ത്രിയെക്കുറിച്ച് ഉഴവൂര്‍ വിജയന്‍


പരാതിക്കാരിയായ വീട്ടമ്മയോട് മന്ത്രി നടത്തിയ ലൈംഗിക സംഭാഷണം എന്ന പേരില്‍ ഒരു ജേര്‍ണലിസ്റ്റിനെ കൊണ്ട് മംഗളം ചെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അജിത് കുമാറിന്റെ വിശദീകരണം.

മന്ത്രിയുടെ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ മാധ്യമധര്‍മം പാലിച്ചില്ലെന്നും എഡിറ്റ് ചെയ്ത് മന്ത്രിയുടെ സംഭാഷണം മാത്രമാണ് ചാനല്‍ പുറത്ത് വിട്ടതെന്നുമുള്‍പ്പെടെയുള്ള നിരവധി ആരോപണം ചാനലിനെതിരെ ഉയര്‍ന്നിരുന്നു.