പത്തനംതിട്ട: മംഗളം ചാനലിന്റെ വിവാദ ഫോണ്‍കെണി വാര്‍ത്തയെത്തുടര്‍ന്ന് ചാനല്‍ മേധാവി അജിത് കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെ.യു.ഡബ്ലിയു.ജെ) നിന്നും പുറത്താക്കി. മുന്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നടപടി.


Also read  ‘സ്വീഡനിലെ കാര്യങ്ങള്‍ കഴിഞ്ഞ് സമയം കിട്ടുവാണേല്‍ ഇന്ത്യയിലെക്കാര്യം കൂടി നോക്കണം ട്ടാ’; മോദിയെ ട്രോളി ലാലു പ്രസാദ് 


അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം നടത്തിയെന്ന് ആരോപണത്തെതുടര്‍ന്നാണ് യൂണിയന്റെ നടപടി. നേരത്തെ യൂണിയന്‍ അംഗത്വം ഒഴിയാന്‍ സന്നദ്ധനാണെന്ന് അജിത് കുമാര്‍ യൂണിയനെ അറിയിച്ചിരുന്നു. ചാനല്‍ സി.ഇ.ഒ ആയിരുന്നെങ്കിലും പ്രവര്‍ത്തക യൂണിയനില്‍ നിന്ന് ഇതുവരെ ഇയാള്‍ സ്ഥാനം ഒഴിഞ്ഞിരുന്നില്ല.

വനിതാ മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ചായിരുന്നു ചാനല്‍ മന്ത്രിയെ വിവാദത്തില്‍ കുടുക്കിയത്. റിപ്പോര്‍ട്ടിങ്ങിനെത്തുടര്‍ന്ന് മംഗളത്തിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച കൊച്ചിയിലെ മംഗളം മാധ്യമ പ്രവര്‍ത്തകന്‍ മിഥുന്‍ പുല്ലുവഴിയോട് വിശദീകരണം ചോദിക്കാനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

മിഥുനെതിരെ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയ സാഹചര്യത്തിലാണിത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കെ ജയചന്ദ്രനില്‍ നിന്ന് വിശദീകരണം തേടാനും പത്തനംതിട്ടയില്‍ ചേര്‍ന്ന യൂണിയന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തു.

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ മന്ത്രി എന്ന പേരില്‍ പുറത്ത് വിട്ട വാര്‍ത്ത വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകയെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ചാനല്‍ സമ്മതിക്കുന്നത്.