ന്യൂദല്‍ഹി: മാരുതിയുടെ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തി വരുന്ന സമരം 12 ദിവസം പിന്നിട്ടു. സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മാരുതി സുസുക്കി മാനേജ് മെന്റും തൊഴിലാളികളും കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചകളും ഫലം കണ്ടില്ല. ഹരിയാന സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

മനേസറിലെ തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സുസുകി പവര്‍ട്രെയിന്‍ ഇന്ത്യാ ലിമിറ്റഡ്, സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരവും തുടരുകയാണ്. അതേസമയം സമരം നടക്കുന്ന മാനേസര്‍ പ്ലാന്റില്‍ നാനൂറോളം തൊഴിലാളികളെ എത്തിച്ചു ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു.

Subscribe Us:

1700 കാറുകള്‍ ഇന്നലെ നിര്‍മിക്കാനായെന്നും കമ്പനി അവകാശപ്പെട്ടു. കമ്പനി പുതുതായി അവതരിപ്പിച്ച സത് സ്വഭാവ ബോണ്ടില്‍ ഒപ്പവയ്ക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കമ്പനി പിരിച്ച് വിട്ട 44 തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരത്തിലേര്‍പ്പെട്ട തൊഴിലാളികള്‍. എന്നാല്‍ ഇത് സാദ്ധ്യമല്ല എന്നാണ് കമ്പനി നിലപാട്.