എഡിറ്റര്‍
എഡിറ്റര്‍
നഴ്‌സുമാരെ തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പെന്ന് വി.എസ്
എഡിറ്റര്‍
Thursday 22nd November 2012 11:25am

തൃശ്ശൂര്‍: മദര്‍ ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പിരിച്ചുവിട്ട 15 നഴ്‌സുമാരെ തിരിച്ചെടുക്കുമെന്നും നഴ്‌സ്മാര്‍ക്കെതിരെ പ്രതികാരനടപടി ഉണ്ടാവില്ലെന്നും മാനേജ്‌മെന്റ് വി.എസിന് ഉറപ്പ് നല്‍കി. എന്നാല്‍ ഹൈക്കോടതി മീഡിയേഷന്‍ സെല്ലുമായിട്ടുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഈ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

Ads By Google

സമരം ഒത്തുതീര്‍പ്പാക്കാനായി ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്റെ അവസാനഘട്ട ചര്‍ച്ച ഇന്ന് വൈകുന്നേരം നടക്കും. സമരം തീരുന്ന ദിവസം വി.എസ് എത്തുന്നത് യാദൃശ്ചികമാമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കോതമംഗലത്ത് സമരം അവസാനിച്ചശേഷമാണ് വി.എസ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സമരം ഒത്തുതീര്‍ക്കാനായി സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ആവശ്യപ്പെട്ടു.

മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമെന്ന് വി.എസ് പറഞ്ഞിരുന്നു. എന്നാല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇതൊഴുവാക്കുകയും വി.എസിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.

മദര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുക, മിനിമം വേതനം നിശ്ചയിക്കുക, ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്.

ശമ്പളവര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന 15 പേരെ പിരിച്ചുവിടുകയും ഇതില്‍ മാനേജ്‌മെന്റ് യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാലസമരം നടത്താന്‍ നഴ്‌സുമാരുടെ സംഘടന തീരുമാനിച്ചത്.

കഴിഞ്ഞ സെപ്തംബര്‍ 5 മുതലാണ് മദര്‍ ആശുപത്രിയില്‍ സമരം തുടങ്ങിയത്. മാനേജ്‌മെന്റിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി മറ്റ് ആശുപത്രികളിലെ നഴ്‌സുമാര്‍ രംഗത്തെത്തിയത്. സമരം ശക്തമായതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്.

Advertisement