ന്യൂദല്‍ഹി: അഴിമതിക്കെതിരെ സുശക്ത സംവിധാനം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ച അന്ന ഹസാരെയ്‌ക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്സും കേന്ദ്രസര്‍ക്കാറും രംഗത്ത്. ഹസാരെ വ്യക്തിപരമായി അഴിമതിയില്‍ പങ്കാളിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ചോദ്യംചെയ്തു.

കോണ്‍ഗ്രസ് വ്കാവ് മനീഷ് തിവാരി വ്യക്തിപരമായാണ് ഹസാരെക്കെതിരെ കടന്നാക്രമണം നടത്തിയത്. അഴിമതിക്കാരനായ താങ്കള്‍ക്ക് അഴിമതി വിരുദ്ധ പ്രക്ഷോഭം നയിക്കാനെന്താണ് അര്‍ഹതയെന്ന് തിവാരി ചോദിച്ചു.

അന്ന ഹസാരെയുടെ നിയന്ത്രണത്തിലുള്ള നാലു ട്രസ്റ്റുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന ആരോപണമാണ് തിവാരി ആയുധമാക്കിയത്.ഇതേപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് സാവന്ത് കമ്മീഷന്‍ വന്‍സാമ്പത്തിക അഴിമതി നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായി കോണ്‍ഗ്രസ് വക്താവ് അദ്ദേഹം ആരോപിച്ചു. 1995ല്‍ രൂപവത്കരിച്ച ഹിന്ദ്‌സ്വരാജ് ട്രസ്റ്റിലുള്‍പ്പെടെ ക്രമക്കേടുകള്‍ ഉണ്ടെന്ന് 116 പേജുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഹസാരെ തന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി ട്രസ്റ്റിന്റെ 2.2 ലക്ഷം ചെലവാക്കിയതായും ഇത് തികച്ചും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ലമെന്റിനെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന സമീപനം ഒട്ടും സ്വീകാര്യമല്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ഹസാരെ സംഘത്തിന് മുന്നറിയിപ്പ് നല്‍കി. ഭരണഘടന പ്രകാരം സര്‍ക്കാറിനാണ് നിയമനിര്‍മാണ ചുമതല. മൂന്നാമതൊരു കൂട്ടര്‍ അതിനു ശ്രമിച്ചതുകൊണ്ടായില്ല. തന്റെ താല്‍പര്യമനുസരിച്ച് നിയമം ഉണ്ടാകണമെന്ന് ആരും ശഠിക്കരുത്. പാര്‍ലമെന്റ് മാത്രമാണ് തീരുമാനം കൈക്കൊള്ളുക. പാര്‍ലമെന്റിനെ വെല്ലുവിളിക്കാനുള്ള ഹസാരെയുടെ നീക്കം ഒരുനിലക്കും അംഗീകരിക്കാന്‍ കഴിയില്ല മുഖര്‍ജി ഓര്‍മിപ്പിച്ചു. നിരാഹാര സമരത്തിന് ഉപാധികള്‍ വെച്ച ദല്‍ഹി പൊലീസ് നടപടിക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ഹസാരെ പ്രധാനമന്ത്രിക്ക് കത്ത് കൈമാറിയിരുന്നെങ്കിലും അത് തന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് പറഞ്ഞ് മന്‍മോഹന്‍ സിങ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഹസാരെയുടെ സമരം ഭരണഘടനാവിരുദ്ധവും പാര്‍ലമെന്റിനോടുള്ള ഏറ്റുമുട്ടലുമാണെന്ന് കേന്ദ്രസര്‍ക്കാറും കുറ്റപ്പെടുത്തി. എന്നാല്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന തീരുമാനവുമായി അദ്ദേഹത്തോടൊപ്പമുള്ള പൗരസമൂഹപ്രതിനിധികളും ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ഇരുപക്ഷവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിന് കളമൊരുങ്ങി.

അണ്ണാ ഹസാരെയുടെ നടപടിയാണ് തീര്‍ത്തും ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി കപില്‍ സിബലും ആരോപിച്ചു. ഹസാരെയുമായി അനുരഞ്ജന ചര്‍ച്ചയെന്ന വിഷയം ഉദിക്കുന്നില്ല. താല്‍പര്യമുണ്ടെങ്കില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുമായി അദ്ദേഹം സംസാരിക്കട്ടെ.അതല്ലെങ്കില്‍ യുക്തമായ നടപടി ഉണ്ടാകും.

എന്നാല്‍, അനിശ്ചിതകാല നിരാഹാരമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ഹസാരെ ആവര്‍ത്തിച്ചു. ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടവര്‍ തുറന്നടിച്ചു.

തനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അന്ന ഹസാരെ ആവശ്യപ്പെട്ടു. അഴിമതിക്കെതിരെ സുശക്തമായ ലോക്പാല്‍ സംവിധാനം ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റെ നിരാഹാരസമരം ഡല്‍ഹി ജയപ്രകാശ്‌നാരായണ്‍ പാര്‍ക്കില്‍ ചൊവ്വാഴ്ചതന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.