മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. മേയ് 28ന് വെംബ്ലിയില്‍ നടക്കുന്ന ഫൈനലില്‍ ബാര്‍സലോണ അലക്‌സ് ഫെര്‍ഗ്യൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും.

അട്ടമറിയുടെ കരുത്തുമായെത്തിയ ഷാല്‍ക്കയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡ് തകര്‍ത്തത്. ഇരട്ടഗോളുകള്‍ നേടിയ ആന്‍ഡേര്‍സണാണ് യുണൈറ്റഡിന്റെ വിജയത്തില്‍ നിര്‍ണായകപങ്കുവഹിച്ചത്. ഗിബ്‌സണും വാലെന്‍സിയയും ശേഷിച്ച ഗോളുകള്‍ നേടി. ജൂറാഡോയാണ് ഷാല്‍ക്കയുടെ ഏകഗോള്‍ നേടിയത്.

ആദ്യപകുതിയിലാണ് യുണൈറ്റഡ് രണ്ടുഗോളുകള്‍ നേടിയത്. ഇരുപത്തിയാറാം മിനുറ്റില്‍ വലെന്‍സിയ യുണൈറ്റഡിന്റെ ആദ്യഗോള്‍ നേടി. തുടര്‍ന്ന് അഞ്ചുമിനിറ്റിനുശേഷം ഗിബ്‌സണ്‍ ടീമിന്റെ ഗോള്‍നേട്ടം രണ്ടായിട്ടുയര്‍ത്തി.

രണ്ടാംപകുതിയിലായിരുന്നു ആന്‍ഡേര്‍സണ്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. എഴുപത്തിരണ്ടാം മിനുറ്റിലും എഴുപത്തിയാറാം മിനുറ്റിലുമാണ് ആന്‍ഡേര്‍സണ്‍ തന്റെ ഗോള്‍ നേടിയത്. 2009ല്‍ ഇരുടീമുകളും ഫൈനലിലെത്തിയിരുന്നെങ്കിലും ബാര്‍സയോട് യൂണൈറ്റഡ് തോല്‍ക്കുകയായിരുന്നു.