മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ദുര്‍ബ്ബലരായ സ്റ്റോക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിനു തകര്‍ത്തു.

സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് നേടിയ ഇരട്ടഗോളാണ് സിറ്റിക്ക് തുണയായത്. പതിനാലാം മിനുറ്റിലാണ് ടെവസ് ആദ്യഗോള്‍ നേടിയത്. അറുപത്തിയഞ്ചാം മിനുറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍നേട്ടം രണ്ടായി ഉയര്‍ത്തി. സിറ്റി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ടെവസ് തന്റെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ഇരട്ടഗോളോടെ ടെവസിന്റെ ആകെ ഗോള്‍നേട്ടം 21 ആയി ഉയര്‍ന്നു. ഇതോടെ ഗോള്‍വേട്ടയില്‍ യുണൈറ്റഡിന്റെ ബെര്‍ബറ്റോവിനൊപ്പമെത്താനും ടെവസിനായി. വിജയത്തോടെ ആര്‍സനലിനെ പിന്തള്ളി സിറ്റി മൂന്നാംസ്ഥാനത്തെത്തിയിട്ടുണ്ട്.