എഡിറ്റര്‍
എഡിറ്റര്‍
മകളേ മാപ്പ്, നിങ്ങളുടെ കണ്ണീരിനൊപ്പം ഞാന്‍ എന്റേയും ചേര്‍ക്കുന്നു’ വൈദികന്റെ പീഡനത്തിന് മാപ്പുചോദിച്ച് മാനന്തവാടി ബിഷപ്പ്
എഡിറ്റര്‍
Saturday 4th March 2017 9:27am

കല്‍പറ്റ: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മാപ്പു ചോദിച്ച് മാനന്തവാടി രൂപത. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടമാണ് ഇരയോടും ഇരയുടെ കുടുംബത്തോടും മാപ്പു ചോദിച്ച് രംഗത്തെത്തിയത്.

കൊട്ടിയൂരില്‍ പുതിയ വികാരിയെ നിയമിച്ചുകൊണ്ട് ഇടവകയ്ക്ക് അയച്ച കത്തിലാണ് ബിഷപ്പ് മാപ്പു ചോദിച്ചത്.

പുരോഹിതന്റെ അതിക്രമം ഉള്‍ക്കൊള്ളാനാകില്ലെന്നും അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊള്ളാനാകില്ലെന്നും കത്തില്‍ ബിഷപ്പ് വ്യക്തമാക്കുന്നു.

‘ഇരയാക്കപ്പെട്ട പ്രയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. എന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടി പ്രസവിച്ചതിനുശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആരോ വിവരമറിയിക്കുകയും ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് വൈദികനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വൈദികന്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

വൈദികനു പുറമേ സംഭവം മറച്ചുവെച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനെതിരെയും പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കൈമാറിയ വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ പൊലീസ് കഴിഞ്ഞദിവസം കേസ് എടുത്തിയിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗവിവരവും പ്രസവ വിവരവും മറച്ചുവെച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Advertisement