തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നത്തില്‍ എന്‍ജിനീയറിംഗ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരുമായി ധാരണയായി. മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നോട്ട് വെച്ച ഉപാധികളോടെയാണ് പ്രശ്‌നത്തിന് താത്കാലിക വിരാമമായത്. ഒത്തുതീര്‍പ്പ് ധാരണയനുസരിച്ച് 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള 80 കോളേജുകളുടെ കാര്യത്തിലാണ് ധാരണയായത്.

ധാരണ പ്രകാരം 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ പകുതി സീറ്റില്‍(25%) 25,000 രൂപ സ്‌പെഷല്‍ ഫീസ് എന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് അസോസിയേഷനുമായി ധാരണയ്ക്ക് വഴിതെളിഞ്ഞത്. അതാത് സമുദായങ്ങള്‍ക്കായി 15 ശതമാനം സീറ്റുകള്‍ നീക്കിവെക്കും. മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാരുമായുള്ള കരാര്‍ വ്യാഴാഴ്ചയാണ് ഒപ്പുവയ്ക്കുക.

ധാരണയനുസരിച്ച് സര്‍ക്കാരിന് നല്‍കിയ പകുതി സീറ്റുകളില്‍ മാനേജ്‌മെന്റ് സ്‌പെഷല്‍ ഫീസായി 25,000 രൂപ ഈടാക്കും. ഇതനുസരിച്ച് 25 ശതമാനം സീറ്റുകളില്‍ സ്‌പെഷല്‍ ഫീസായ 25,000 കൂടി ചേര്‍ത്ത് 60,000 രൂപ വിദ്യാര്‍ത്ഥികള്‍ ഫീസായി നല്‍കേണ്ടിവരും. സര്‍ക്കാര്‍ സീറ്റുകളില്‍ 25 ശതമാനത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിരക്കായ 35,000 രൂപ തന്നെയായിരിക്കും ഈടാക്കുക.

മുഹമ്മദ് കമ്മിറ്റി മേല്‍നോട്ടത്തിലായിരിക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷ നടത്തുക. നേരത്തെ സിറിയന്‍ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള കാരക്കോണം കോളേജ് പ്രവേശനം വിവാദമായിരുന്നു. തുടര്‍ന്ന് സി.എസ്.ഐ സഭ 15 ശതമാനം സമുദായ സീറ്റിന് പുറമെ ബാക്കി വരുന്ന സീറ്റില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പ്രവേശനം നടത്താമെന്ന് സമ്മതിച്ചിരുന്നു.