കൊച്ചി: അമൃത മെഡിക്കല്‍ കോളജിന് പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍ പ്രഫഷനല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും രംഗത്തെത്തി. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ മെഡിക്കല്‍ കോളേജുകളോട് വിവേചനപരമായാണ് സര്‍ക്കാര്‍ നിലപാട് എടുക്കുന്നതെന്ന് ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ പ്രസിഡന്റ്  ജോര്‍ജ് പോള്‍ കുറ്റപ്പെടുത്തി.

സ്വകാര്യമേഖലക്ക് ഒരുകാലത്തും പോസ്റ്റുമോര്‍ട്ടത്തിനുള്ള അനുമതി കൊടുക്കരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സ്വകാര്യമെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഫോറന്‍സിക് വിഷയത്തില്‍ പി.ജി കോഴ്‌സുകള്‍ അനുവദിക്കപ്പെട്ട അമൃത മെഡിക്കല്‍ കോളജ് ഈ കോഴ്‌സിലേക്കുള്ള എല്ലാ സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ട വഴിയാണ് നികത്തുന്നത്. ഫോറന്‍സിക് വിദഗ്ധരുടെ ആവശ്യം വളരെയേറെയുണ്ട്. അതുകൊണ്ടുതന്നെ അമൃതയില്‍ നടത്തുന്ന പി.ജി കോഴ്‌സിനും ഏറെ ആവശ്യക്കാരുണ്ട്. ഇത് നിലനിര്‍ത്താനാണ് ആശുപത്രിയില്‍ തന്നെ മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം സൗകര്യങ്ങളും വേണമെന്ന് അമൃത ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോയമ്പത്തൂരിലെ ഒരു കോളജിന്റെ പേരുപറഞ്ഞ് കല്‍പ്പിത സര്‍വകലാശാല പദവി നേടിയെടുത്ത അമൃത ഒരൊറ്റ വിദ്യാര്‍ഥിക്കുപോലും സര്‍ക്കാര്‍ ക്വോട്ടയില്‍ സീറ്റ് നല്‍കുന്നില്ല. മറ്റ് കോളജുകളില്‍ മൂന്നര ലക്ഷത്തിന് മാനേജ്‌മെന്റ് സീറ്റ് നല്‍കുമ്പോള്‍ അമൃതയില്‍ ഇത് അഞ്ചര ലക്ഷം വരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എം.ബി.ബി.എസ് കരിക്കുലത്തിലുള്‍പ്പെടുന്ന ഫോറന്‍സിക് വിഷയം പഠിപ്പിക്കണമെങ്കില്‍ അതിനുള്ള സൗകര്യംകൂടി  വിദ്യാര്‍ഥികള്‍ക്ക് ഒരുക്കേണ്ടതുണ്ട് അതിന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാര്‍ എല്ലാ കോളേജുകള്‍ക്കും നല്‍കണമെന്ന്് ജോര്‍ജ് പോള്‍ ആവശ്യപ്പെട്ടു.  നിലവില്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോയാണ് വിദ്യാര്‍ഥികള്‍ക്ക് ഫോറന്‍സിക് വിഷയങ്ങളിലെ പ്രായോഗിക പരിശീലനം നല്‍കുന്നത്.  മെഡിക്കല്‍ വിദ്യാഭ്യാസ  ഡയറക്ടറെക്കൊണ്ട് പരിശോധിപ്പിച്ച് തൃപ്തികരമാണെങ്കില്‍ മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കോളേജിന് പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള അനുമതി ലഭിച്ച അമൃതയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മാനേജ്‌മെന്റ് രംഗത്ത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അധികാരമുള്ളൂവെന്ന് ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ പറയുന്നില്ലെന്ന് അമൃത ആശുപത്രി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എല്ലാ ഡോക്ടര്‍മാര്‍ക്കും പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ മൂന്ന് പതിറ്റാണ്ടായി സ്വാശ്രയ മേഖലയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും സ്വകാര്യമേഖലയിലെ ആശുപത്രികളില്‍ കൊലപാതക കേസുകളിലെ പോസ്റ്റ്‌മോര്‍ട്ടം പോലും നടക്കുന്നു. ഇവിടങ്ങളിലൊന്നും ദുരുപയോഗം ചെയ്തുവെന്ന ആരോപണം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പരിയാരം മെഡിക്കല്‍ കോളേജ്, കളമശേരി സഹകരണ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും സര്‍ക്കാറില്‍ നിന്ന് വിരമിച്ച വിദഗ്ധരാണ് സേവനമനുഷ്ഠിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Malayalam News

Kerala News In English