Administrator
Administrator
ദ ഹിന്ദു കുടുംബത്തില്‍ വീണ്ടും അധികാര തര്‍ക്കം
Administrator
Saturday 23rd April 2011 10:01am

ram,ravi,muraliചെന്നൈ: ദ ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍.റാം ഉടമസ്ഥതയും, ഭരണവും വിഭജിക്കാന്‍ ഒരുങ്ങുന്നതായി എന്‍.റാമിന്റെ സഹോദരനും, എം.ഡിയുമായ എന്‍.മുരളി. ഇക്കാര്യം കൂടുതല്‍ ചര്‍ച്ചചെയ്യാനായി പത്രം പ്രസിദ്ധീകരിക്കുന്ന കസ്തൂരി ആന്‍ഡ് സണ്‍സിലെ ഓഹരി ഉടമകളും ഹിന്ദു കുടുംബാംഗങ്ങളും മെയ് 20 യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്റര്‍ സ്ഥാനത്തുനിന്നും സഹോദരനായ എന്‍. രവിയെയും എക്‌സിക്യുട്ടീവ് എഡിറ്റര്‍ സ്ഥാനത്തുനിന്നും മാലിനി പാര്‍ഥസാരഥിയെയും നീക്കാനാണ് എന്‍.റാമിന്റെ തീരുമാനം. പകരം സിദ്ധാര്‍ത്ഥ വരദരാജനെ പുതിയ എഡിറ്ററാക്കും. ഏപ്രില്‍ 18ന് നടന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ തീരുമാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 12അംഗ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 7 പേര്‍ എന്‍.റാമിന്റെ നിര്‍ദേശങ്ങളെ പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ കസ്തൂരി ആന്‍ഡ് സണ്‍സിലെ ഓഹരി ഉടമകളുടെ അംഗീകാരം കൂടി ലഭിച്ചാലേ തീരുമാനം പ്രാബല്യത്തിലാകൂ.

എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ മൂന്നിലൊന്ന് ഭൂരിപക്ഷമുണ്ടായാല്‍ മാത്രമേ ഡയറക്ടര്‍ ബോര്‍ഡിന് ഇത് അംഗീകരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് എന്‍.മുരളി.

2003ലാണ് ഹിന്ദുവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി എന്‍.റാം ചുമതലയേറ്റത്. 800കോടിയുടെ ആസ്തിയുള്ള വ്യവസായത്തിന്റെ തലപ്പത്തേക്ക് റാം എത്തിയതിനെ അന്ന് തന്നെ രവി വിമര്‍ശിച്ചിരുന്നു. 65 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്ക് 2010 മെയ് നാലിന് റാം സ്ഥാനമൊഴിയുമെന്നായിരുന്നു ധാരണ. ആ സമയത്ത് രവി എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഏറ്റെടുക്കുമെന്നുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിക്കപ്പെട്ടു. കൂടാതെ എന്‍.മുരളിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്നു. ഇത് അന്ന് വലിയ തര്‍ക്കമാണ് ഹിന്ദുകുടുംബത്തിനുള്ളിലുണ്ടായിരുന്നത്. അതിനുശേഷം അല്‍പ്പമൊന്ന് ശമിച്ചിരുന്ന തര്‍ക്കമാണ് ഇപ്പോള്‍ വീണ്ടും രൂക്ഷമായിരിക്കുന്നത്.

Advertisement