ന്യൂദല്‍ഹി: ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനത്തിനിടെ ചെരുപ്പെറിയാന്‍ ശ്രമം. കോണ്‍ഗ്രസ് വക്താവ് ജനാര്‍ദ്ദനന്‍ ദ്വിവേദിയുടെ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം നടന്നത്.

കോണ്‍ഗ്രസ് ആസ്ഥാനത്തു വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഇടയിലിരുന്ന രാജസ്ഥാന്‍ സ്വദേശി സുനില്‍ കുമാര്‍ എന്നയാള്‍ ദ്വിവേദിയെ ഷൂ ഊരി അടിക്കാനായി ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനെന്ന് വ്യാജേനയാണ് ഇയാള്‍ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കടന്നതെന്ന് സംശയമുണ്ട്.

സുരക്ഷാ ജീവനക്കാര്‍ ഇയാളെ തടഞ്ഞു. തുടര്‍ന്ന് അക്രമിയെ മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കൈയേറ്റം ചെയ്തു. പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ഇയാള്‍ ബാബാ രാംദേവിന്റെ വിശ്വാസിയാണെന്നും സംശയമുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.

വാര്‍ത്താസമ്മേളനത്തില്‍ ബാബാ രാംദേവിനും ആര്‍.എസ്.എസിനുമെതിരെ കടുത്ത വിമര്‍ശനം നടത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഇടയിലിരിക്കുകയായിരുന്ന സുനില്‍കുമാര്‍ ദ്വിവേദിക്ക് നേരെ ഓടി അടുത്തത്. പെട്ടെന്നുണ്ടായ പ്രകോപനമല്ല ആക്രമണ കാരണമെന്നാണ് സൂചന.

തനിക്കെതിരെ ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ദ്വിവേദി പറഞ്ഞു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദ്വിവേദി പറഞ്ഞു.