കോട്ടയം: സൗമ്യയുടെ ദാരുണ മരണത്തിന്റെ വാര്‍ഷികാചരണം തീരും മുമ്പേ ഇന്നലെയും ഇന്നും തുടര്‍ച്ചയായി ട്രെയിനുകളില്‍ സ്ത്രീകള്‍ക്കു നേരെ അക്രമ സംഭവങ്ങള്‍. ഇന്നു രാവിലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ അതിക്രമിച്ചു കടന്ന മധ്യവയസ്‌കന്റെ അക്രമത്തില്‍ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനിലെത്തി ക്രോസിംഗിനായി നിര്‍ത്തിയിട്ട സമയത്ത് അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഇയാള്‍ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി അക്രമം നടത്തുകയായിരുന്നു. സ്ത്രീകള്‍ ബഹളം വെക്കുകയും അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയിനില്‍ നിന്ന് ഇറങ്ങിയ ഓടിയ ഇയാളെ ആളുകള്‍ പിടികൂടി.

സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ട ഇയാളെ പിന്നീട് കടുത്തുരത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് അക്രമി പോലീസിനോട് പറഞ്ഞിരിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ ട്രെയിന്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിട്ടു. അക്രമി മാനസിക രോഗിയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച അര്‍ധ രാത്രി എറണാകുളം-തിരുച്ചിറപ്പള്ളി ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ് ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ മദ്യപന്‍ കയറിപ്പിടിച്ചിരുന്നു. റിസര്‍വ്വ് കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന എറണാകുളം തോപ്പുംപടി സ്വദേശി യുവതിയുടെ കാലില്‍ കൊടകര നെല്ലായി പന്തല്ലൂര്‍ കൊഴുപ്പിള്ളിക്കുന്നേല്‍ പ്രസന്ന കുമാര്‍ (40) കയറിപ്പിടിക്കുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ട്രെയിന്‍ യാത്രക്കിടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. ട്രെയിന്‍ യാത്രക്കിടെ അക്രമത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ പ്രതീകമായി മാറിയ സൗമ്യയുടെ മരണത്തിനു ശേഷം, ട്രെയിനുകളില്‍ സത്രീകള്‍ക്കു നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് അറുതി ഉണ്ടാകുമെന്നും വനിതാ കംപാര്‍ട്ടുമെന്റില്‍ സുരക്ഷാ ഗാര്‍ഡുകളെ നിയമിക്കുമെന്നും റെയില്‍വെ പറഞ്ഞു. പക്ഷേ ആ വാഗ്ദാനം പാലിക്കപ്പെടുന്നേയില്ല. ദിനേനെയെന്നോണം ട്രെയിനുകളില്‍ സ്ത്രീകള്‍ അക്രമത്തിന് ഇരായാകുകയാണ്.

Malayalam News

Kerala News in English