വടകര: ദേശീയപാത വികസനത്തിനായി കിടപ്പാടവും തൊഴില്‍സ്ഥാപനവും നഷ്ടപ്പെടുന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ കിണറ്റില്‍ച്ചാടി ജീവനൊടുക്കി. ചോറോട് മണ്ണില്‍താഴെ ടി.വി. ലക്ഷ്മണനാണ് (64) മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് ഇയാളെ തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Ads By Google

നേരത്തേ ചോറോട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് 11 സെന്റ് സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന ലക്ഷ്മണന്റെ ബാക്കി സ്ഥലവും വീടും ദേശീയപാത വികസനത്തിനായി നഷ്ടപ്പെടുമെന്ന നിലയിലാണ്. ഇതോടൊപ്പം ഇയാള്‍ തൊഴില്‍ ചെയ്യുന്ന ചോറോട് ടൗണിലെ ബാര്‍ബര്‍ഷോപ്പും നഷ്ടപ്പെടും. സ്ഥലവും വീടും നഷ്ടപ്പെടുന്നതിലുള്ള പ്രയാസമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യയും ഭാര്യാ സാഹോദരിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് ചോറോട് മേഖലയില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ആത്മഹത്യ. വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഭാര്യ: ലീല. മക്കള്‍: ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കള്‍: സനല്‍ (തലശ്ശേരി), സതീശന്‍ (പന്തക്കല്‍, മാഹി), വിനോദന്‍ (നമ്പ്രത്തുകര).